കപിൽ ശർമ്മയ്‌ക്കെതിരെ ഭീഷണിയുമായി പന്നൂൻ

Sunday 13 July 2025 7:27 AM IST

ഒട്ടാവ: ബോളിവുഡ് താരം കപിൽ ശർമ്മയ്ക്കെതിരെ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നൂൻ. കാനഡ നിങ്ങളുടെ കളിസ്ഥലമല്ലെന്നും പണവുമായി ഇന്ത്യയിലേക്ക് തിരിച്ചുപോകണമെന്നും പന്നൂൻ ഭീഷണിപ്പെടുത്തി. ബുധനാഴ്ച കാനഡയിലുള്ള കപിലിന്റെ റെസ്റ്റോറന്റിന് നേരെ ഖാലിസ്ഥാൻ ഭീകരർ വെടിവയ്‌പ് നടത്തിയതിന് പിന്നാലെയാണിത്. ശർമ്മ ബിസിനസിന്റെ പേരിൽ ഹിന്ദു പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുകയാണെന്നും കനേഡിയൻ മണ്ണിൽ ഇതിന് അനുവദിക്കില്ലെന്നും പന്നൂൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ സ്ഥാപകനായ പന്നൂനിന് കനേഡിയൻ,അമേരിക്കൻ ഇരട്ട പൗരത്വമുണ്ട്.

അതേസമയം,ഖാലിസ്ഥാൻ ഭീകരൻ ഹർജീത് സിംഗ് ലഡ്ഡിയുടെ സംഘമാണ് ബ്രിട്ടിഷ് കൊളംബിയയിലെ സറിയിലുള്ള ശർമ്മയുടെ കഫേയ്ക്കെതിരെ ആക്രമണം നടത്തിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. ശർമ്മ നടത്തിയ ചില പരാമർശങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്ത്യ തേടുന്ന കുറ്റവാളിയായ ലഡ്ഡി അവകാശപ്പെട്ടിരുന്നു.