സ്രാവുകൾക്കൊപ്പം കടലിൽ അകപ്പെട്ടു, ഒടുവിൽ എവിടേക്കോ മറഞ്ഞവർ
കാൻബെറ: 1998 ജനുവരിയിലാണ് അമേരിക്കൻ ദമ്പതികളായ ടോം, ഐലീൻ ലോനർഗാൻ എന്നിവർ ഓസ്ട്രേലിയയുടെ വടക്കുള്ള പോർട്ട് ഡഗ്ലസിൽ എത്തിയത്. സാഹസികത ഇഷ്ടപ്പെടുന്നവരായിരുന്നു ഇരുവരും. സാഹസിക സഞ്ചാരത്തിനായി എത്തി ഒടുവിൽ സ്രാവുകൾ നിറഞ്ഞ കടലിൽ ഒറ്റപ്പെട്ടു പോയ ഇവർക്ക് എന്ത് സംഭവിച്ചു എന്ന് ആർക്കുമറിയില്ല.
ടുവാലു, ഫിജി എന്നിവിടങ്ങളിൽ യു.എസ് പീസ് കോറിനൊപ്പം രണ്ട് വർഷം പര്യടനം നടത്തിയ ശേഷമാണ് ലോകപ്രശസ്തമായ ഗ്രേറ്റ് ബാരിയർ റീഫ് സന്ദർശിക്കാനായി ടോമും ഐലീനും ഓസ്ട്രേലിയയിൽ എത്തിയത്.
ആഗ്രഹം പോലെ ഗ്രേറ്റ് ബാരിയർ റീഫിലെത്തിയ ഇരുവരെയും കാത്തിരുന്ന വിധി മറ്റൊന്നായിരുന്നു. കടലിന് നടുവിലെത്തിയ അവർ അവിടമാകെ സ്കൂബാ ഡൈവിംഗ് നടത്തി. എന്നാൽ, ഇതിനിടെ ടോമിനെയും ഐലീനേയും കൂട്ടാതെ അവർ എത്തിയ ബോട്ടും മറ്റ് ഡൈവർമാരും അബദ്ധത്തിൽ മടങ്ങി പോയി. ഒന്നുകിൽ അവർ നടുകടലിൽ മുങ്ങിമരിച്ചിരിക്കാം. അല്ലെങ്കിൽ ആ മേഖലയിൽ കാണപ്പെടുന്ന ടൈഗർ ഷാർക് എന്നയിനം സ്രാവുകളുടെ ഇരയായിത്തീർന്നിരിക്കാം. കാണാതാകുമ്പോൾ ടോമിന് 34ഉം ഐലീന് 29ഉം വയസായിരുന്നു.
16 അടിയിലേറെ നീളമുള്ള കൂറ്റൻ സ്രാവുകളാണ് ടൈഗർ ഷാർകുകൾ. അസാമാന്യവേട്ടക്കാരായ ഇവർക്ക് മുന്നിൽപ്പെട്ടാലുള്ള മനുഷ്യന്റെ അവസ്ഥ വിവരിക്കേണ്ടതില്ല. ഗ്രേറ്റ് ബാരിയർ റീഫിലെ മനോഹരമായ പവിഴപ്പുറ്റുകളെ വീക്ഷിച്ചുക്കൊണ്ടിരുന്ന ടോമിനെയും ഐലീനേയും കടലിൽ 12 മീറ്റർ താഴ്ചയിലാണ് കൂടെയുണ്ടായിരുന്ന ഡൈവർമാർ അവസാനമായി കണ്ടത്. ഇതിന് ശേഷം ഏകദേശം ഒരു മണിക്കൂറിനുള്ളിൽ ടോമും ഐലീനും കടലിന് മുകളിലേക്കെത്തിയെങ്കിലും ബോട്ടും മറ്റ് നീന്തൽ വിദഗ്ദ്ധരും പോർട്ട് ഡഗ്ലസ് തീരത്തേക്ക് മടങ്ങിയിരുന്നു. ടോമും ഐലീനും ബോട്ടിൽ കയറി എന്ന വിചാരത്തിലാണ് സംഘം തിരികെ പോയത്. എം.വി ഔട്ടർ എഡ്ജ് എന്ന ബോട്ടിലായിരുന്നു ടോമും ഐലീനും ഗ്രേറ്റ് ബാരിയർ റീഫിലെത്തിയത്.
ഞെട്ടിക്കുന്ന കാര്യമെന്തെന്നാൽ, കടലിൽ നിന്ന് മടക്കിക്കൊണ്ടു വന്നവരിൽ ടോമും ഐലീനും ഇല്ലായിരുന്നു എന്ന വിവരം രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ബോട്ട് അധികൃതർ അറിഞ്ഞത്. ! ബോട്ടിലെ കപ്പിത്താൻ ടോമിന്റെയും ഐലീനിന്റെയും ബാഗുകളും മറ്റ് സാധനങ്ങളും ബോട്ടിൽ കണ്ടെത്തുകയായിരുന്നു. ഉടൻ സംഭവം അധികൃതരെ അറിയിക്കുകയും പൊലീസും ഓസ്ട്രലിയൻ നേവിയും ഇരുവർക്കുമായുള്ള തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. എന്നാൽ, യാതൊരു ഫലവുമുണ്ടായില്ല.
മാസങ്ങൾ കടന്നു പോകുംതോറും ടോമിനെയും ഐലീനേയും സംബന്ധിച്ച നിർണായക വിവരങ്ങൾ കടലിൽ നിന്ന് തന്നെ ലഭിച്ചുകൊണ്ടേയിരുന്നു. ഐലീനിന്റേത് എന്ന് കരുതുന്ന വെറ്റ്‌സ്യൂട്ടിന്റെ ഭാഗം, ഇരുവരുടെയും പേരെഴുതിയ ഡൈവ് ജാക്കറ്റ് എന്നിവ കണ്ടെത്തി.
ഒടുവിൽ ആറ് മാസങ്ങൾക്ക് ശേഷം, ഒരു ഡൈവ് സ്ലേറ്റ് കണ്ടെത്തി. ടോമിനെയും ഐലീനേയും കാണാതായതിന് തൊട്ടടുത്ത ദിവസം എഴുതപ്പെട്ട ഒരു കുറിപ്പ് അതിൽ രേഖപ്പെടുത്തിയിരുന്നു. ഇത് ലഭിക്കുന്ന ആരായാലും തങ്ങളെ രക്ഷിക്കണമെന്നഭ്യർത്ഥിച്ചു കൊണ്ട് ടോമും ഐലീനും എഴുതിയതായിരുന്നു അത്. 1998 ജനുവരി 25ന് വൈകിട്ട് 3 മണിയ്ക്കാണ് തങ്ങൾ കടലിൽ ഒറ്റപ്പെട്ട് പോയതെന്നുൾപ്പെടെ രേഖപ്പെടുത്തിയിരുന്നു. തങ്ങൾ മരിക്കുന്നതിന് മുമ്പ് രക്ഷിക്കൂ എന്നായിരുന്നു ആ കുറിപ്പിന്റെ അവസാനം. ഇതോടെ ഇരുവരെയും രക്ഷിക്കാമെന്നുള്ള എല്ലാ പ്രതീക്ഷകളും മങ്ങി.
പതിയെ ടോം - ഐലീൻ ദമ്പതികളുടെ തിരോധാനം ഓസ്ട്രേലിയ - അമേരിക്ക നയതന്ത്ര പ്രശനങ്ങളിലേക്ക് വഴിമാറി. യാത്രയ്ക്ക് രണ്ടാഴ്ച മുമ്പ് ഐലീൻ തന്റെ ഡയറിയിൽ ടോമിന് മരണത്തെ പറ്റിയുള്ള ചിന്തകൾ ഉള്ളതായി കുറിച്ചിരുന്നു. എളുപ്പത്തിലും വേദനരഹിതവുമായ ഒരു മരണം ഉടൻ സംഭവിക്കുമെന്ന് ടോം കരുതുന്നതായി ഐലീൻ തന്റെ ഡയറിയിൽ കുറിച്ചു.
ഈ ഡയറിക്കുറിപ്പുകളുടെ വെളിച്ചത്തിൽ ടോമും ഐലീനും മനഃപൂർവം അപ്രത്യക്ഷരാവുകയായിരുന്നുവെന്നും തങ്ങളുടെ ഭാഗത്ത് വീഴ്ചയില്ലെന്നും എം.വി. ഔട്ടർ എഡ്ജ് ബോട്ടിന്റെ അഭിഭാഷകർ വാദിച്ചു. രണ്ട് പേരും ആത്മഹത്യ ചെയ്തിരിക്കാമെന്നും അല്ലെങ്കിൽ ടോം ഐലീനെ കൊന്ന ശേഷം ആത്മഹത്യ ചെയ്തിരിക്കാമെന്നും അവർ വാദിച്ചു. എന്നാൽ, ദമ്പതികളുടെ കുടുംബം ഈ വാദങ്ങളെ പൂർണമായും തള്ളി.
എന്നാൽ, തിരോധാനത്തിന് പിന്നിൽ ഔട്ടർ എഡ്ജ് അധികൃതരുടെ കടുത്ത വീഴ്ചയാണെന്നായിരുന്നു വിധി. ഒടുവിൽ ഔട്ടർ എഡ്ജ് ബോട്ട് കമ്പനിയ്ക്ക് പൂട്ട് വീണു. ടോം - ഐലീൻ ദമ്പതികളുടെ ജീവിതം ആസ്‌പദമാക്കി 2003ൽ ഓപ്പൺ വാട്ടർ എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു. ശരിക്കും, കടലിൽ ഒറ്റപ്പെട്ട് പോയ ടോമിനും ഐലീനും എന്ത് സംഭവിച്ചു. ? വർഷങ്ങൾ പിന്നിട്ടിട്ടും അത് ആർക്കുമറിയില്ല.