ട്രംപിന്റെ പ്രഹരം തുടരുന്നു: മെക്‌സിക്കോയ്ക്കും യൂറോപ്യൻ യൂണിയനും 30 ശതമാനം തീരുവ
വാഷിംഗ്ടൺ: തീരുവ യുദ്ധം ശക്തമാക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെക്‌സിക്കോയിൽ നിന്നും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് ആഗസ്റ്റ് 1 മുതൽ 30 ശതമാനം അധിക തീരുവ ഈടാക്കുമെന്ന് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചു.
യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോമിനും തീരുവ സംബന്ധിച്ച കത്തുകൾ ട്രംപ് അയച്ചു. ഈ ആഴ്ച കാനഡ, ജപ്പാൻ അടക്കം 23 രാജ്യങ്ങൾക്കാണ് ഇറക്കുമതി തീരുവ ചുമത്തിയുള്ള കത്തുകൾ ട്രംപ് അയച്ചത്.
ട്രംപിന്റെ നീക്കം വിതരണ ശൃംഖലകളെ പ്രതികൂലമായി ബാധിക്കുമെന്നും ഉചിതമായ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. അതേ സമയം, ട്രംപിന്റെ പ്രഖ്യാപനം മെക്‌സിക്കോയുടെ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിക്കും. മെക്സിക്കോയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യു.എസ്. മെക്സിക്കോയിൽ നിന്നുള്ള കയറ്റുമതിയുടെ 80 ശതമാനവും യു.എസിലാണെത്തുന്നത്.