കണ്ണില്ലാത്ത ക്രൂരത; കൊച്ചിയിൽ നായക്കുട്ടിയുടെ മുഖത്തേക്ക് രാസലായനി ഒഴിച്ചു, കാഴ്ച നഷ്ടപ്പെട്ടു
Sunday 13 July 2025 7:52 AM IST
കൊച്ചി: മൂന്ന് മാസം പ്രായം മാത്രമുളള നായക്കുട്ടിയുടെ മുഖത്തേക്ക് രാസലായനി ഒഴിച്ച് ആക്രമണം. എറണാകുളം പുത്തൻകുരിശ് സ്വദേശി നയനയുടെ വളർത്തുനായ പൂപ്പിക്കാണ് ദുരവസ്ഥ ഉണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. നായക്കുട്ടിയുടെ ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. ആന്തരികാവയവങ്ങൾക്ക് പൊളളലേറ്റിട്ടുമുണ്ട്.
സംഭവത്തിൽ പുത്തൻകുരിശ് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് നയന മാദ്ധ്യമങ്ങളോട് പറഞ്ഞു. ചില അയൽവാസികളെ സംശയമുളളതായും നയനയുടെ കുടുംബം ആരോപിക്കുന്നുണ്ട്. നയനയുടെ അമ്മ പുറത്ത് പോയ സമയത്താണ് ആക്രമണം നടന്നത്.