ശിവഗംഗ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് ടിവികെ പ്രവർത്തകർ, അറസ്റ്റുചെയ്ത് നീക്കി പൊലീസ്
ചെന്നൈ: ശിവഗംഗയിലെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് ടിവികെ. ശിവഗംഗയിൽ യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിലാണ് വിജയ്‌യുടെ പാർട്ടി പ്രതിഷേധം നടത്തുന്നത്. ഇതിനായി വിവിധ ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ ചെന്നൈയിലേക്ക് എത്തുമെന്നാണ് പാർട്ടി നേരെത്തെ അറിയിച്ചിരുന്നത്. എന്നാൽ ചെന്നൈയിലേക്ക് വരികയായിരുന്ന പ്രവർത്തകരെ ജില്ലാ അതിർത്തികളിൽ വച്ച് പൊലീസ് തടയുകയും അറസ്റ്റു ചെയ്യുകയുമായിരുന്നു.
കാഞ്ചിപുരം, വെല്ലൂർ,ചെങ്കൽപ്പേട്ട് തുടങ്ങിയ സമീപജില്ലകളിൽ നിന്നുള്ള പ്രവർത്തകരെയാണ് ചെന്നൈയിലേക്ക് വരാൻ പൊലീസ് അനുമതി നൽകാതെ അറസ്റ്റു ചെയ്തു നീക്കിയത്. ഡിഎംകെയ്ക്ക് ടിവികെയെ ഭയമാണ് എന്ന മറുപടിയാണ് ടിവികെ ഇപ്പോൾ ഉയർത്തുന്നത്. ശിവഗംഗയിൽ അജിത്കുമാർ എന്ന യുവാവ് മരിച്ചതിനു ശേഷം മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കുടുംബത്തെ വിളിച്ച് മാപ്പ് ചോദിച്ചിരുന്നു. പ്രതിഷേധിക്കുന്ന ടിവികെയുടെ പ്രവർത്തകരുടെ കൈവശമുള്ള പ്ലക്കാർഡുകളിൽ മാപ്പല്ല നീതിയാണ് വേണ്ടതെന്നാണ് പറയുന്നത്. 23ലേറെ കസ്റ്റഡി മരണങ്ങളാണ് സ്റ്റാലിൻ മുഖ്യമന്ത്രി ആയ ശേഷം തമിഴ്നാട്ടിൽ സംഭവിച്ചിട്ടുള്ളത്. മരണപ്പെട്ട ഇരകൾക്കുള്ള നീതിയാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് ടിവികെ പറയുന്നു.
രാഷ്ട്രീയ പാർട്ടി ആരംഭിച്ചതിന് ശേഷമുള്ള വിജയിയുടെ ആദ്യത്തെ പൊതുപ്രക്ഷോഭമാണിത്. കറുത്ത വസ്ത്രം ധരിച്ച് പ്ലക്കാർഡുമേന്തിയാണ് വിജയ് പ്രതിഷേധത്തിന് എത്തിയത്. മദപുരം ക്ഷേത്രത്തിൽ സുരക്ഷാജീവനക്കാരനായിരുന്ന അജിത് കുമാർ കഴിഞ്ഞ മാസമാണ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. ഇന്നലെ ടിവികെ ആസ്ഥാനത്ത് വച്ച് വിജയ് കുടുംബത്തെ നേരിൽ കണ്ടിരുന്നു. നീതി ഉറപ്പാക്കുമെന്ന് കുടുംബത്തിന് വാഗ്ദാനം നൽകുകയും ചെയ്തു. വിജയ്‌യുടെ ശക്തിപ്രകടനമായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ പ്രതിഷേധത്തെ കാണുന്നത്.