സ്ത്രീയും പുരുഷനും തുല്യരല്ല, പുതിയ തലമുറ വിഡ്ഢികൾ; വീണ്ടും വിവാദ പരാമർശവുമായി കങ്കണ
ഷിംല: വീണ്ടും വിവാദ പ്രസ്താവനയുമായി നടിയും ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള ബിജെപി എം പിയുമായ കങ്കണ റണൗട്ട്. ലിംഗസമത്വത്തിന് എതിരായ നടിയുടെ പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയത്. സ്ത്രീയും പുരുഷനും ഒരിക്കലും തുല്യരാകില്ലെന്നാണ് കങ്കണയുടെ വിവാദ പ്രസ്താവന. ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് തന്റെ അഭിപ്രായം കങ്കണ തുറന്നു പറഞ്ഞത്. മുമ്പും ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളിലൂടെ കങ്കണ വിവാദത്തിൽ അകപ്പെട്ടിരുന്നു.
'എല്ലാവരും തുല്യരാണെന്ന് പറയുന്നതിലൂടെ വിഡ്ഢികളുടെ ഒരു ലോകമാണ് പടുത്തുയർത്തുന്നത്. വേറിട്ട അനുഭവങ്ങളും കഴിവും ഉള്ളവരുടെ വ്യത്യാസങ്ങൾ പരിശോധിച്ചാൽ, എല്ലാവരും അതുല്യരും അസമന്മാരുമാണെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് കങ്കണ പറഞ്ഞു. 'കലയുടെ കാര്യത്തിൽ നിങ്ങൾ എനിക്ക് സമമല്ല. ഞാൻ എന്റെ അമ്മയ്ക്കും സമമല്ല.നാല് ദേശീയ അവാർഡുകൾ നേടിയ എനിക്കും അംബാനി ജീക്കും തുല്ല്യമാകാൻ കഴിയില്ല'. കങ്കണ പറയുന്നു.
ഒരു തൊഴിലാളിയുടെ അടുത്തിരിക്കുമ്പോൾ, ആ വ്യക്തിക്ക് തന്നേക്കാൾ സഹിഷ്ണുതയുണ്ടെന്നും താരം വ്യക്തമാക്കി. 'ഒരു കുട്ടി സ്ത്രീക്ക് തുല്യമല്ല, ഒരു സ്ത്രീ പുരുഷനും തുല്യമല്ല. കുടുംബത്തിലെ പ്രായമായ വ്യക്തിക്ക് തുല്യമല്ല ഒരു പുരുഷൻ. നമുക്കെല്ലാവർക്കും വ്യത്യസ്ത വേഷങ്ങളുണ്ട്, അതുകൊണ്ട് നാമെല്ലാവരും വ്യത്യസ്തരാണ്. എല്ലാവരെയും ഒരുപോലെ കാണുന്നവർ വിഡ്ഢികളുടെ ലോകം വാർത്തെടുക്കും. ഇത്തരക്കാർ അറിവുള്ളവരാണെന്ന് സ്വയം നടിക്കുകയാണ് ചെയ്യുന്നത്. ഒരേ മേഖലയിൽ 25 വർഷത്തെ പരിചയമുള്ള തങ്ങളുടെ ബോസിനോട് ഇവർക്ക് ഒരു ബഹുമാനവുമില്ല. കൂടുതൽ കഠിനാധ്വാനം ചെയ്യാൻ ആഗ്രഹിക്കാത്തതും സ്ഥാനക്കയറ്റം ആവശ്യമില്ലാത്തതുമായ വിഡ്ഢികളായ ഒരു തലമുറയാണ് ഇതിന്റെ ഫലം," കങ്കണ കൂട്ടിച്ചേർത്തു.