ചരക്ക് ട്രെയിൻ തീപിടിത്തം; ട്രാക്കിൽ വിള്ളൽ, അട്ടിമറിയെന്ന് സംശയം, അന്വേഷണം ശക്തമാക്കി
ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂരിൽ ഡീസലുമായി പോവുകയായിരുന്ന ചരക്ക് ട്രെയിനിന് തീപിടിച്ച് വൻ അപകടമുണ്ടായതിൽ അട്ടിമറിയെന്ന് സംശയം. ഇന്ന് പുലർച്ചെ 5.30ന് തിരുവള്ളൂർ റെയിൽവേ സ്റ്റേഷന് സമീപത്തായി എഗട്ടൂരിലാണ് അപകടമുണ്ടായത്. ചെന്നൈ എന്നോറിൽ നിന്ന് മുംബയിലേയ്ക്ക് പോവുകയായിരുന്ന ട്രെയിനിന്റെ നാല് വാഗണുകൾക്കാണ് തീപിടിച്ചത്. അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെയായി ട്രാക്കിൽ വിള്ളൽ കണ്ടെത്തിയതാണ് അട്ടിമറി സംശയത്തിന് കാരണം. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും പ്രദേശത്ത് പരിശോധന നടത്തുകയാണ്.
45 ടാങ്കർ (27000 ലിറ്റർ) ക്രൂഡ് ഓയിലാണ് ട്രെയിനിലുണ്ടായിരുന്നത്. ഒരു ടാങ്കറിൽ തീപിടിത്തമുണ്ടായതിനുശേഷം മറ്റുള്ളവയിലേയ്ക്ക് വ്യാപിക്കുകയായിരുന്നുവെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. തീപിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. അപകടത്തിന് പിന്നാലെ ട്രെയിനിൽ നിന്ന് വൻതോതിൽ തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് ചെന്നൈ-അരക്കോണം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തിരുവള്ളൂർ വഴിയുള്ള എട്ട് ട്രെയിനുകൾ റദ്ദാക്കി. അഞ്ച് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. എട്ട് ട്രെയിനുകൾ താത്‌കാലികമായി നിർത്തിവച്ചു.
അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. 70 ശതമാനത്തോളം തീ അണച്ചതായി തിരുവള്ളൂർ ജില്ലാ കളക്‌ടർ എം പ്രതാപ് അറിയിച്ചിരുന്നു. പത്തിലധികം ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടം നടന്ന രണ്ട് കിലോമീറ്റർ ചുറ്റളവിൽ ആളുകളെ ഒഴിപ്പിച്ചു.