പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ, കോൺഗ്രസ് കൊടിമരം പൊളിച്ചു മാറ്റിയ കേസിലെ പ്രതി

Sunday 13 July 2025 4:05 PM IST

പത്തനംതിട്ട: ഡിവൈഎഫ്ഐ പ്രവർത്തകൻ ക‌ഞ്ചാവുമായി പൊലീസിന്റെ പിടിയിൽ. മുഹമ്മദ് ഷബീറിനെയാണ് പൊലീസ് പത്തനംതിട്ടയിൽ വച്ച് അറസ്റ്റുചെയ്ത്‌ത്. ഇയാളിൽ നിന്ന് മൂന്ന് ഗ്രാം കഞ്ചാവ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. നേരത്തെ കോൺഗ്രസ് കൊടിമരം പൊളിച്ചുമാറ്റിയ കേസിലും ഷബീർ പ്രതിയാണ്.

എന്നാൽ ഡിവൈഎഫ്‌ഐ പ്രവർത്തകനായ ഇയാളിൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറച്ചുകാണിച്ചാണ് പൊലീസ് ജാമ്യം നൽകിയതെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് അടൂർ പൊലീസ് സ്റ്റേഷൻ വളഞ്ഞ് പ്രതിഷേധിച്ചു.കഴിഞ്ഞ ദിവസമാണ് മുഹമ്മദ് ഷബീർ യൂത്ത് കോൺഗ്രസിന്റെ കൊടിമരം തകർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നത്. ഇത് ഇയാൾ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഇതിന് തൊട്ടടുത്ത ദിവസമാണ് കഞ്ചാവുമായി ഷബീറിനെ പൊലീസ് പിടികൂടുന്നത്.

അതേസമയം,യുവാവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. മൂന്ന് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തുവെന്ന് പറഞ്ഞ പൊലീസ് പാർട്ടിയുടെ സ്വാധീനത്തിന് വഴങ്ങി കള്ളക്കഥ ചമച്ചാണ് സ്റ്റേഷൻ ജാമ്യത്തിൽ പ്രതിയെ വിട്ടയച്ചതെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉന്നയിച്ചു.