കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ .... മഴക്കണക്കിൽ മുന്നിലായിട്ടും കുടിവെള്ള ചെലവ് 18 ലക്ഷം
കോട്ടയം : മഴ അധികം ലഭിക്കുന്ന സ്ഥലമായിട്ടും കുടിവെള്ളം വിലയ്ക്ക് വാങ്ങേണ്ട ഗതികേടിലാണ് സംസ്ഥാനത്തെ ഏക സിനിമാ പഠന കേന്ദ്രമായ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. ഒരു വർഷം ഇതിനായി ചെലവാക്കുന്നത് 18 ലക്ഷം രൂപ ! സ്ഥാപനം തുടങ്ങിയതിന് ശേഷം ഇതുവരെ കുടിവെള്ളത്തിന് മാത്രം ഒരുകോടിയ്ക്ക് മുകളിൽ ചെലവായി. ജില്ലയിൽ പെയ്യുന്ന മഴയുടെ അൻപത് ശതമാനത്തിന് മുകളിലും ലഭിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്ന അകലക്കുന്ന് പഞ്ചായത്തിലെ തെക്കുംതല. സ്ഥാപനം പണിയുമ്പോൾ സ്ഥലത്തുണ്ടായിരുന്ന കിണറായിരുന്നു ആദ്യം ആശ്രയം. ജീവനക്കാരുടേയും വിദ്യാർത്ഥികളുടേയും എണ്ണം കൂടിയതോടെ കിണറിലെ വെള്ളം പോരാതെയായി. ഇപ്പോൾ ക്യാന്റീനിലേയ്ക്ക് മാത്രമേ തികയൂ. 20,000 ലിറ്റർ വെള്ളമാണ് വേണ്ടത്. പ്രതിമാസം ഒന്നര ലക്ഷം രൂപയാണ് വെള്ളമെത്തിക്കാൻ ചെലവാകുന്നത്. 2016ലാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം തുടങ്ങിയത്.
മഴവെള്ള സംഭരണ പദ്ധതി പരണത്ത് മഴവെള്ള സംഭരണികളും ശുദ്ധീകരണ പ്ളാന്റുമടക്കം വിഭാവനം ചെയ്യുന്ന പദ്ധതിയോട് സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതാണ് ചെലവേറാൻ കാരണം. ആദ്യം ചെങ്ങളത്തെ കുളത്തിൽ നിന്ന് കുടിവെള്ളമെത്തിക്കാൻ ആലോചനയുണ്ടായെങ്കിലും പൈപ്പ് വലിച്ച് കുടിവെള്ളമെത്തിക്കാനുള്ള ബഡ്ജറ്റ് താങ്ങാൻ പറ്റാത്തതിനാൽ ഉപേക്ഷിച്ചു. വിദ്യാഭ്യാസ സ്ഥാപനമായിട്ടും ഇളവുകളില്ലാതെ കൊമേഷ്യൽ പർപ്പസ് എന്ന നിലയിലാണ് പഞ്ചായത്ത് ബഡ്ജറ്റിട്ടതെന്ന് അധികൃതർ പറയുന്നു. തുടർന്നാണ് ഓരോ കെട്ടിടങ്ങളിലേയ്ക്കും വെള്ളം ലഭിക്കുംവിധം സംഭരണിയുണ്ടാക്കാനുള്ള നിർദ്ദേശം തയ്യാറാക്കി സമർപ്പിച്ചത്.
റെയിൻ ഹാർവസ്റ്റ് സമ്പ്രദായം നടപ്പാക്കിയാൽ പ്രതിസന്ധി പരിഹരിക്കാം. കിഫ്ബിയിൽ നിന്ന് പണം അനുവദിക്കുമെന്നാണ് കരുതുന്നത്. അധിക മഴ ലഭിക്കുന്ന സ്ഥലായിട്ടും ഇത്രയധികം തുക കുടിവെള്ളത്തിന് മുടക്കുന്നത് ഒഴിവാക്കേണ്ടതാണ്.
പി.ആർ. ജിജോയ്,ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ
വെള്ളം ഉപയോഗിക്കുന്നത് 240 പേർ
പ്രതിദിനം വേണ്ടത് 20,000 ലിറ്റർ
പ്രതിമാസം കുടിവെള്ള ചെലവ് 1.50 ലക്ഷം