വളർത്തുപട്ടിയ്ക്ക് നേരെ ആസിഡാക്രമണം; യുവതിയുടെ പരാതിയിൽ കേസെടുത്തു

Monday 14 July 2025 12:07 AM IST

കോലഞ്ചേരി: വളർത്തുനായ്ക്കുട്ടിയെ ആസിഡ് ഒഴിച്ച് ആക്രമിച്ച സംഭവത്തിൽ പുത്തൻകുരിശ് മോനിപ്പിള്ളി പാറപ്പുഴപുത്തൻപുരയിൽ നയനമോൾ ജിബിയുടെ പരാതിയിൽ പുത്തൻകുരിശ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ആന്വേഷണം ആരംഭിച്ചു. വീട്ടിൽ കൂട്ടിലിട്ട് വളർത്തിയ ഇന്ത്യൻ സ്പിറ്റ്സ് ഡോഗ് ഇനത്തിൽപ്പെട്ട മൂന്ന് മാസം പ്രായമായ നായ്‌ക്കുട്ടിയാണ് കഴിഞ്ഞ് 9ന് ആക്രമിക്കപ്പെട്ടത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് അജ്ഞാതൻ രാസദ്രാവകം മുഖത്തൊഴിച്ചതോടെ നായ്ക്കുട്ടിയുടെ രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെടുകയും ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. നായ്‌ക്കുട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായി അയൽവാസിയായ ഒരാൾ നേരത്തെ പുത്തൻകുരിശ് പൊലീസിൽ പരാതി നൽകിയിരുന്നു. നായ്‌ക്കുട്ടിയുടെ വീഡിയോ നവമാദ്ധ്യമങ്ങളിൽ പ്രദർശിപ്പിച്ചതിന് നല്ല റീച്ച് ലഭിച്ചതോടെ സമീപവാസിയായ ഒരാൾ നായ്‌ക്കുട്ടിയെ കൊല്ലുമെന്ന് നിരവധി തവണ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതിയുടെ പരാതിയിലുണ്ട്. അയൽവാസിയും യുവതിയുടെ വീട്ടുകാരും തമ്മിൽ അതിർത്തി തർക്കവും നിലനില്ക്കുന്നുണ്ട്. സംഭവം സംബന്ധിച്ച് സി.സി ടിവി തെളിവുകൾ പൂർണമായും ഇല്ലാതാക്കിയാണ് ആക്രമണമെന്നത് പൊലീസിനെ കുഴയ്ക്കുന്നു.