20 വർഷത്തിനുശേഷം മധുമതിയുടെ പിന്നാലെ സരോജ് കുമാർ

Monday 14 July 2025 3:15 AM IST

റീ റിലീസിന് ഒരുങ്ങുന്ന റോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിലെ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരത്തിലെ കരളേ കരളിന്റെ കരളേ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. കൈതപ്രത്തിന്റെ വരികൾക്ക് ദീപക് ദേവ് സംഗീതവും വിനീത് ശ്രീനിവാസൻ, റിമി ടോമി എന്നിവർ ആലപിക്കുകയും ചെയ്ത ഹിറ്റ് ഗാനമാണിത്. മോഹൻലാലും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളിലെത്തിയ ഉദയനാണ് താരം 20 വർഷത്തിനുശേഷം ഫോർ കെ ദൃശ്യ മികവോടെ ഈ മാസം അവസാനം തിയേറ്ററുകളിൽ എത്തും. ഉദയഭാനുവായി മോഹൻലാലും സരോജ്‌കുമാർ എന്ന രാജപ്പനായി ശ്രീനിവാസനും തകർത്തഭിനയിച്ച ചിത്രത്തിൽ മീന ആണ് നായിക. ജഗതി ശ്രീകുമാർ പച്ചാളം ഭാസിയായി അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവച്ച ചിത്രത്തിൽ മുകേഷ്, സലിംകുമാർ, ഇന്ദ്രൻസ്, ഭാവന എന്നിവരും വേഷമിട്ടു. സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളുമായി മികച്ച പ്രേക്ഷക- നിരൂപക ശ്രദ്ധനേടിയ ചിത്രവുമാണ് ഉദയനാണ് താരം. ശ്രീനിവാസനാണ് കഥയും തിരക്കഥയും ഒരുക്കിയത്. ഛായാഗ്രാഹണം എസ് .കുമാർ, ഗാനരചന കൈതപ്രം, പശ്ചാത്തല സംഗീതം ഔസേപ്പച്ചൻ. ഫോർ കെ റീ മാസ്റ്ററിങ്: പ്രസാദ് ലാബ്, മിക്സിംഗ്: രാജാകൃഷ്ണൻ, കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി.കരുണാകരനാണ് നിർമ്മാണം. എ.കെ. സുനിലിന്റെ ഉടമസ്ഥതയിലെ ന്യൂ സൂര്യ ഫിലിംസ് ആണ് വിതരണം. പി.ആർ.ഒ: പി. ശിവപ്രസാദ്