യു/എ സർട്ടിഫിക്കറ്റ്, ജാനകി വി 17ന് റിലീസ് ചെയ്യും
വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ശേഷം ജാനകി വി. ജൂലായ് 17ന് റിലീസ് ചെയ്യും. യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. ജെ.എസ്.കെ. ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഒഫ് കേരള എന്നാണ് ചിത്രത്തിന്റെ പുതിയ പേര്. ജൂലായ് 18ന് റിലീസ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം. ഇന്നലെ ഇതുമാറ്റി ഒരു ദിവസം നേരത്തെ റിലീസ് നിശ്ചിയിക്കുകയായിരുന്നു. സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ചിത്രം കോസ്മോസ് എന്റർടെയ്നർ ആണ് നിർമ്മാണം. നേരത്തെ കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനിഷ്യൽ ചേർക്കണമെന്നും ചിത്രത്തിന്റെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സെൻസർ ബോർഡിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു. സുരേഷ് ഗോപിയും മകൻ മാധവ് സുരേഷും ആദ്യമായി ഒരുമിക്കുന്ന ചിത്രംകൂടിയാണ്. അസ്കർ അലി, ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ, ജോയ് മാത്യു, ബൈജു സന്തോഷ്, യദുകൃഷ്ണ, ജയൻ ചേർത്തല, ഷഫീർ ഖാൻ, രജത്ത് മേനോൻ, നിസ്താർ സേട്ട്, ഷോബി തിലകൻ, ബാലാജി ശർമ്മ, ജയ് വിഷ്ണു, മേധ പല്ലവി, പ്രശാന്ത് മാധവ് എന്നിവരാണ് മറ്റു താരങ്ങൾ.