കല്ലറയിലെ എൻ.സി.സി ദേശീയ പരിശീലന കേന്ദ്രം രണ്ടാംഘട്ടത്തിന് സാങ്കേതികാനുമതി

Monday 14 July 2025 1:21 AM IST

കല്ലറ: വാമനപുരം മണ്ഡലത്തിലെ കല്ലറയിൽ നിർമ്മിക്കുന്ന എൻ.സി.സിയുടെ ദേശീയ പരിശീലന കേന്ദ്രത്തിന്റെയും ഹെലിപാഡിന്റെയും രണ്ടാംഘട്ട അനുബന്ധ നിർമ്മാണങ്ങൾക്ക് 4 കോടിയുടെ സാങ്കേതികാനുമതി ലഭിച്ചതായി ഡി.കെ. മുരളി എം.എൽ.എ. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് കേന്ദ്രം നിർമ്മിക്കുന്നത്. പൊതുമരാമത്ത് സ്‌പെഷ്യൽ ബിൽഡിംഗ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. ദുരന്തനിവാരണ വേളകളിൽ ഏറ്റവും വെല്ലുവിളിനേരിടുന്ന മാറ്റിപ്പാർപ്പിക്കലിന് പരിഹാരമായാണ് കേന്ദ്രം ഉയരുന്നത്. സാധാരണ, ദുരന്തവേളകളിൽ സ്‌കൂളുകളിലും ഓഡിറ്റോറിയങ്ങളിലുമാണ് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നത്. ഭക്ഷണം പാകം ചെയ്യാനോ മതിയായ ടോയ്‌ലെറ്റ് ആവശ്യങ്ങൾക്കോ ഇവിടങ്ങളിൽ സൗകര്യമില്ലാത്തത് വെല്ലുവിളിയാകാറുണ്ട്.

 രണ്ടാം ഘട്ടത്തിന് -4കോടി

 രണ്ടാം ഘട്ട നിർമ്മാണത്തിൽ

 ക്യാമ്പ് ഓഫീസ്  കമൻഡാന്റ് ഓഫീസ് 650 കേഡറ്റുകൾക്കുള്ള ഡൈനിംഗ് ഹാൾ ക്ലാസ് റൂമുകൾ കോൺഫറൻസ് ഹാൾ  കിച്ചൺ സ്റ്റോർ റൂം മെഡിക്കൽ റൂം സിവിൽ സ്റ്റാഫ് അക്കോമ്മഡേഷൻ റെസ്റ്റ് റൂം

 തിരഞ്ഞെടുക്കപ്പെട്ടവർക്ക് പരിശീലനം

ജില്ലയിലെ കേഡറ്റുകൾക്കു പുറമെ, കാശ്‌മീർ മുതൽ കന്യാകുമാരി വരെനിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട കേഡറ്റുകൾക്കും പരിശീലനം നൽകും. പ്രതിരോധസേനാ വിഭാഗങ്ങളുടെ പ്രാഥമിക പരിശീലനത്തിന് പുറമെ ഫയറിംഗ്, ഒബ്സ്റ്റക്കിൾ കോഴ്‌സ്,മലകയറ്റം തുടങ്ങിയവയിലുള്ള പരിശീലനവും നൽകും. സർക്കാർ അനുവദിച്ച കല്ലറയിലെ എട്ടര ഏക്കർ ഭൂമിയിലാണ് നിർമ്മാണം നടക്കുന്നത്.

പുതിയ കേന്ദ്രം സജ്ജമാകുന്നതോടെ മുഴുവൻ സമയം പരിശീലനം ആരംഭിക്കും. 10ദിവസം കൂടുമ്പോൾ ഓരോ ബാച്ച് വീതമെത്തും. കേരളമുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 650 മുതൽ 1000 കേഡറ്റുകൾക്കുവരെ വിവിധങ്ങളായ പരിശീലനങ്ങൾ നൽകാനും കഴിയും.

ടെൻഡർ നടപടികൾ ഒരാഴ്ചക്കുള്ളിൽ ആരംഭിച്ച് അടുത്ത മാസത്തോടെ രണ്ടാംഘട്ട പ്രവൃത്തികൾ ആരംഭിക്കും

ഡി.കെ. മുരളി എം.എൽ.എ