ലഹരിയിൽ മയങ്ങി കോഴിക്കോട്: കുത്തനെ കൂടി കേസുകൾ
കോഴിക്കോട്: കഴിഞ്ഞ ജനുവരി മുതൽ ജൂൺ വരെ കോഴിക്കോട് സിറ്റിയിൽ മാത്രം എക്സെെസ് നടത്തിയ റെയ്ഡിൽ പിടികൂടിയത് 2.6 കിലോയോളം എം.ഡി.എം.എ. കഞ്ചാവ് 102.53 കിലോ. വിദ്യാർത്ഥികൾ, യുവാക്കൾ, അന്യസംസ്ഥാന തൊഴിലാളികൾ തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും വിൽപ്പന. ആറു മാസത്തിനിടെ കോഴിക്കോട് സിറ്റിയില്‍ മാത്രം നിരവധി കേസുകളെടുത്തു. കഞ്ചാവ് ചെടി വളര്‍ത്തല്‍, ഹാഷിഷ്, ബ്രൗണ്‍ഷുഗര്‍ കേസുകളും ഇക്കൂട്ടത്തിലുണ്ട്. എന്‍.ഡി.പി.എസ് ആക്ടിലെ 27 (ബി), (എ) വകുപ്പുകള്‍ പ്രകാരം 1345 കേസുകളും രജിസ്റ്റര്‍ ചെയ്തു. ബംഗളൂരുവിൽ നിന്നാണ് പ്രധാനമായും കോഴിക്കോട്ടേക്ക് ലഹരി വസ്തുക്കളെത്തുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട്ടും താമരശ്ശേരിയിലും മയക്കുമരുന്ന് കടത്തിന് പിടിയിലായവർക്ക് അന്യസംസ്ഥാനങ്ങളിലെ ലഹരി മാഫിയയുമായി ബന്ധമുണ്ട്. ഇതേപ്പറ്റി വിശദമായി അന്വഷിച്ചുവരികയാണ്. മയക്കുമരുന്ന് കച്ചവടത്തിലെ മുഴുവന്‍ ആളുകളെയും പിടികൂടാൻ ഇതര സംസ്ഥാനങ്ങളിലെ വിവിധ ഏജന്‍സികളുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. സംസ്ഥാനത്തെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചും പ്രവർത്തിക്കുന്നുണ്ട്. ജില്ലയില്‍ ലഹരി കടത്തുകാരുടെയും ഹോട്ട് സ്‌പോട്ടുകളുടെയും സമഗ്രമായ പട്ടിക തയ്യാറാക്കി ഇവിടങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുകയും ഇടപാടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നവരെ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഗതാഗതം, ടൂറിസ്റ്റ് ബസുകള്‍, ആഢംബര വാഹനങ്ങള്‍, റെയില്‍വെ സ്റ്റേഷനുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ സംശയാസ്പദമായ വാഹനങ്ങളിലും പ്രത്യേക പരിശോധന നടത്തുന്നുണ്ട്. ഫോറസ്റ്റ്, പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പൊലീസ് എന്നിവരുമായി സഹകരിച്ചും പരിശോധിക്കുന്നു.
ജനപിന്തുണ പ്രധാനം
മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ ഇപ്പോൾ പൊതുജനങ്ങള്‍ എക്‌സൈസിനെ അറിയിക്കുന്നുണ്ട്. കൂടുതൽ കേസുകൾ പിടികൂടാൻ ഇത് സഹായിക്കുന്നു. എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂമുണ്ട്. നമ്പർ: 04952372927. ശബ്ദസന്ദേശം, ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ എന്നിവ 9496002871 എന്ന മൊബൈല്‍ നമ്പറിലും അറിയിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും.
6 മാസത്തിനിടെ കേസ്.... 1490
മാർച്ചിൽ മാത്രം അറസ്റ്റ്.... 519
കെെവശം വച്ചതിന് അറസ്റ്റ്.... 1584