തൃശൂരിൽ സി.പി.ഐയെ നയിക്കാൻ ഇനി കെ.ജി. ശിവാനന്ദൻ
തൃശൂർ: നിരവധി സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കെ.ജി. ശിവാനന്ദൻ ഇനി ജില്ലയിൽ സി.പി.ഐയെ നയിക്കും. നീണ്ട പതിനൊന്ന് വർഷം പാർട്ടിയെ നയിച്ച കെ.കെ. വത്സരാജ് ഒഴിഞ്ഞതോടെയാണ് പുതിയ സെക്രട്ടറിയായി ശിവാനന്ദനെ തിരഞ്ഞെടുത്തത്. ബാലവേദി, വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളിലൂടെയാണ് കൊടുങ്ങല്ലൂർ സ്വദേശിയായ ശിവാനന്ദന്റെ രാഷ്ട്രീയപ്രവേശം.
എ.ഐ.വൈഎഫും, എ.ഐ.എസ്.എഫും നടത്തിയ തൊഴിൽ അല്ലെങ്കിൽ ജയിൽ പ്രക്ഷോഭകാലം മുതൽ സമരരംഗത്ത് സജീവം. നിരവധി തവണ സംസ്ഥാന കാൽനട ജാഥകളിൽ പങ്കെടുത്തു. എ.ഐ.വൈ.എഫ് നയിച്ച കാസർകോട് - തിരുവനന്തപുരം കാൽനട ജാഥകളിൽ രണ്ട് തവണ അംഗമായി. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായിരിക്കെ കാസർകോട് നിന്നും കൊച്ചിയിലേക്കുള്ള കാൽനട മാർച്ചിന്റെ ക്യാപ്ടനായിരുന്നു.
യൂണിയൻ ലിവർ കമ്പനിക്കായി ഓഹരി വിൽപ്പന നടത്തിയപ്പോൾ അതിനെതിരെ മോഡേൺ ബ്രഡ് കമ്പനി യിലേക്ക് നടത്തിയ സമരത്തിനു നേതൃത്വം നൽകി. സമരമുഖത്തു പല തവണ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽവാസവും അനുഭവിച്ചു. എ.ഐ.വൈഎഫ് കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു. രണ്ട് ഘട്ടങ്ങളിൽ സി.പി.ഐ കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറിയായി. ജില്ലാ എക്‌സിക്യൂട്ടിവ് അംഗവും സംസ്ഥാന കൗൺസിൽ അംഗവുമാണ്. രണ്ട് തവണ സി. പി.ഐ ദേശീയ കൗൺസിലിലും അംഗമായിരുന്നു. ഇപ്പോൾ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളുമാണ്. എ. ഐ.ടി.യു.സി നേതൃത്വത്തിലുള്ള നിരവധി യൂണിയനുകളുടെ ഭാരവാഹിയാണ്. അപ്പോളോ ടയേഴ്‌സ് എന്ന സ്ഥാപത്തിലെ സ്വതന്ത്ര യൂണിയന്റെ പ്രസിഡന്റാണ്. കേരള ലാൻഡ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ ചെയർമാനായിരുന്നു. കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിന്റെ ചെയർമാനായി പ്രവർത്തിച്ചു. പ്രാസംഗികനും എഴുത്തുകാരനുമാണ്. മൂന്ന് ഗ്രന്ഥങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചു. ഭാര്യ: കെ.ജി. ബിന്ദു ( സഹകരണ ബാങ്ക് ജീവനക്കാരി), മക്കൾ: അളകനന്ദ, അഭിനന്ദ്.