കണ്ണൂരിന് നാലാമത്തെ രാജ്യസഭാ എം.പി

Monday 14 July 2025 12:07 AM IST
സി. സദാനന്ദൻ മാസ്റ്റർ

കണ്ണൂർ: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദൻ മാസ്റ്ററിന്റെ രാജ്യസഭാ പ്രവേശനത്തോടെ കണ്ണൂരിന് ലഭിക്കുന്നത് നാലാമത്തെ രാജ്യസഭാ എം.പിയെ. ഡോ. വി. ശിവദാസൻ, ജോൺ ബ്രിട്ടാസ്, പി. സന്തോഷ് എന്നിവരാണ് നിലവിൽ രാജ്യസഭയിലെ കണ്ണൂരുകാരായ എം.പിമാർ. ലോക്‌സഭയിലും കണ്ണൂരിന്റെ ശക്തമായ സാന്നിദ്ധ്യമുണ്ട്. കണ്ണൂർ പയ്യന്നൂർ സ്വദേശി എം.കെ രാഘവൻ കോഴിക്കോടിനെ പ്രതിനിധീകരിക്കുകയും തോട്ടട നടാൽ സ്വദേശി കെ. സുധാകരൻ കണ്ണൂരിനെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. ആലപ്പുഴ എം.പി കെ.സി വേണുഗോപാലും കണ്ണൂരുകാരനാണ്. കണ്ണൂരുകാരനല്ലെങ്കിലും പയ്യന്നൂർ, കല്ല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങളുൾപ്പെടുന്ന കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താനും തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളുടെ എം.പി ഷാഫി പറമ്പിലും കണ്ണൂരിന്റെ എം.പിമാരാണ്.

കണ്ണൂരിന് അഭിമാനിക്കാം കേരള രാഷ്ട്രീയത്തിൽ കണ്ണൂർ ജില്ലയുടെ സംഭാവന വിലമതിക്കാനാവാത്തതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിലെ പ്രമുഖനായ കെ.സി വേണുഗോപാൽ വരെയുള്ളവർ കണ്ണൂർ ജില്ലയുടെ പുത്രന്മാരാണ്. വടക്കേയറ്റത്ത് നിന്ന് രണ്ടാമതാണെങ്കിലും രാഷ്ട്രീയത്തിലെ കരുത്തുകൊണ്ട് കേരളത്തിൽ ഒന്നാമതാണ് കണ്ണൂർ ജില്ല. ആദ്യ ലോക്‌സഭയിൽ പ്രതിപക്ഷത്തിന്റെ നേതാവായിരുന്നു കണ്ണൂർ പെരളശേരി സ്വദേശിയായ എ.കെ ഗോപാലൻ എന്ന എ.കെ.ജി. ഇന്നും പാർട്ടി ഭേദമന്യേ നേതൃനിരയിൽ ആ രാഷ്ട്രീയ പാരമ്പര്യം കണ്ണൂർ പിന്തുടരുന്നു എന്നത് ശ്രദ്ധേയം.

കണ്ണൂരിന്റെ പുതിയ ശബ്ദം

കണ്ണൂർ മട്ടന്നൂരിനടുത്ത ഉരുവച്ചാൽ പെരിഞ്ചേരി സ്വദേശിയായ സി. സദാനന്ദൻ മാസ്റ്റർ ബാലഗോകുലത്തിലൂടെയാണ് സംഘ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. മൂന്ന് പതിറ്റാണ്ട് മുമ്പ് സി.പി.എം പ്രവർത്തകരുടെ ആക്രമണത്തിൽ ഇരു കാലുകളും നഷ്ടമായ അദ്ദേഹം കൃത്രിമ കാലിലാണ് സഞ്ചരിക്കുന്നത്. അന്ന് ആർ.എസ്.എസ് ജില്ലാ സർക്കാര്യവാഹക് ആയിരുന്നു സദാനന്ദൻ. സൗമ്യ സ്വഭാവക്കാരനായ സി. സദാനന്ദൻ മാസ്റ്റർ ആർ.എസ്.എസ് നേതൃനിരയിൽ നിന്നാണ് ബി.ജെ.പി നേതൃനിരയിലേക്ക് വരുന്നത്. നിലവിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റാണ്. അക്രമ രാഷ്ട്രീയത്തിന്റെ ഇരയായി മാറിയ ഒരാളാണ് പാർലമെന്റിന്റെ ഉച്ചസഭയിൽ ഇനി കണ്ണൂരിന്റെ ശബ്ദമായി മാറുന്നത്.