വാക്‌സിൻ ആവശ്യത്തിന് അവഗണന, ആശങ്കയോടെ താറാവ് കർഷകർ

Monday 14 July 2025 1:27 AM IST

ആലപ്പുഴ: ദേശാടനപ്പക്ഷികൾ കൂട്ടത്തോടെ വിരുന്നിനെത്തുകയും പക്ഷിപ്പനിക്കെതിരെ മൃഗസംരക്ഷണ വകുപ്പ് ജൈവ സുരക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരിക്കെ, പക്ഷിപ്പനി പ്രതിരോധത്തിന് വാക്സിനേഷനെന്ന ആവശ്യം അവഗണിക്കുന്നതിൽ വ്യാപക പ്രതിഷേധം.

ആലപ്പുഴ, പത്തനംതിട്ട,കോട്ടയം ജില്ലകളിലെ താറാവ്, കോഴി കർഷകരാണ് പക്ഷിപ്പനി പ്രതിരോധത്തിനുള്ള വാക്സിൻ കണ്ടെത്താൻ സർക്കാരും മൃഗസംരക്ഷണ വകുപ്പും തയ്യാറാകാത്തതിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. പക്ഷിപ്പനി കാരണം കഴിഞ്ഞ വർഷം പക്ഷികളുടെ വളർത്തലിനും വിൽപ്പനയ്ക്കുമുണ്ടായ നിരോധനം മുട്ട, ഇറച്ചി ഉൽപ്പാദനത്തെയും ഇവരുടെ ഉപജീവനത്തെയും ബാധിച്ചിരുന്നു. കടക്കെണിയിലായ ഇവർക്ക് കഴിഞ്ഞ സീസണിൽ കള്ളിംഗ് നടത്തിയ പക്ഷികളുടെ നഷ്ടപരിഹാരം പോലും പൂർണമായും ലഭിച്ചിട്ടില്ല. നഷ്ടപരിഹാരത്തിൽ 12ശതമാനം സർക്കാരിൽ നിന്ന് ലഭിക്കാനിരിക്കെ ഓണം, ക്രിസ്മസ്,ന്യൂ ഇയർ സീസൺ ലക്ഷ്യമിട്ട് താറാവ്, കോഴി കൃഷിയിൽ സജീവമായ നൂറ് കണക്കിന് കർഷകരാണ് പക്ഷിപ്പനി ഭീതിയിലായിരിക്കുന്നത്.

പക്ഷിപ്പനിക്ക് വാക്‌സിൻ കണ്ടെത്തിയിട്ടില്ല

1.കേരളത്തിൽ മാത്രമാണ് കാലാകാലങ്ങളായി കോഴി, താറാവ് ഉൽപ്പാദനത്തെ പക്ഷിപ്പനി ബാധിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ വാക്സിനേഷൻ നടത്തുന്നതായി താറാവ് കർഷകസംഘം നേതാവ് ശാമുവൽ പറയുന്നു

2.കേരളത്തിൽ മൃഗസംരക്ഷണ വകുപ്പ് വാക്സിനേഷൻ നടത്താൻ തയ്യാറാകാത്തതാണ് രോഗപകർച്ചയ്ക്ക് കാരണമെന്ന് കർഷകർ ആരോപിക്കുമ്പോൾ ഇന്ത്യയിൽ പക്ഷിപ്പനിക്ക് വാക്സിനേഷൻ ഇതേവരെ ഇല്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ മറുപടി

3.കൊവിഡിന് പോലും ആഴ്ചകൾക്കകം വാക്സിൻ പുറത്തിറക്കിയ സർക്കാർ, പക്ഷിപ്പനിക്ക് വാക്സിൻ ലഭ്യമാക്കാത്തത് സാധാരണക്കാരായ കർഷകരോടുള്ള വഞ്ചനയാണെന്നാണ് താറാവ് കർഷകരുടെ ആരോപണം

4. വരും സീസണിൽ ഇറച്ചിക്കും മുട്ടയ്ക്കുമായി കുട്ടനാട്ടിലും കോട്ടയം, പത്തനംതിട്ട ജില്ലകളിലുമായി നൂറ് കണക്കിന് കർ‌ഷകരാണ് കോഴി, താറാവ് കൃഷിയിൽ വ്യാപൃതരായിരിക്കുന്നത്

കള്ളിംഗ് കുടിശിക

കിട്ടാനുള്ള കർഷകർ

ആലപ്പുഴ.......................899

പത്തനംതിട്ട.................. 48

കോട്ടയം........................213

പക്ഷിപ്പനി 2024ൽ

ചത്ത പക്ഷികൾ ........ 63,208

കൊന്നൊടുക്കിയത്..... 1,92,628

നശിപ്പിച്ച തീറ്റ .................99,104 കിലോ

നശിപ്പിച്ച മുട്ട.................. 41,162 എണ്ണം

വർഷങ്ങളായി കോടിക്കണക്കിന് രൂപയും വലിയൊരു വിഭാഗം ജനങ്ങളുടെ തൊഴിലും നഷ്ടത്തിനിടയാക്കുന്ന പക്ഷിപ്പനിക്ക് വാക്സിൻ കണ്ടെത്താത്തത് സർക്കാരിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും പിഴവാണ്. കള്ളിംഗ് കുടിശിക വിതരണം ചെയ്യാനും സർക്കാർ തയ്യാറാകണം

- അഡ്വ. ബി. രാജശേഖരൻ, പ്രസിഡന്റ്, ഐക്യ താറാവ് കർഷക സംഘം

പക്ഷിപ്പനിക്കെതിരെ വാക്സിനേഷൻ വേണമെന്ന് കർഷകർ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നാളിതുവരെ വാക്സിനേഷൻ ആരംഭിച്ചിട്ടില്ല. ജൈവ സുരക്ഷ പാലിച്ചും ജാഗ്രത പുലർത്തിയും രോഗത്തെ അതിജീവിക്കുകയാണ് അഭികാമ്യം

- ജില്ലാ വെറ്ററിനറി ഓഫീസർ, ആലപ്പുഴ