സി.പി.എമ്മിനെ വീഴ്ത്തി കേരളം പിടിക്കാൻ ബി.ജെ.പി: സി. സദാനന്ദൻ രാജ്യസഭയിലേക്ക്

Monday 14 July 2025 1:22 AM IST

#ഉജ്ജ്വൽ ദിയോറാവു നികം,​ ഹർഷ് വർദ്ധൻ ഷ്രിൻഗ്ള,​ മീനാക്ഷി ജെയ്ൻ രാജ്യസഭാംഗങ്ങൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രതിഛായയ്ക്ക് കളങ്കമേറ്റിരിക്കുന്ന പശ്ചാത്തലം മുതലെടുത്ത് സി.പി.എമ്മിന്റെ ശക്തി ചോർത്തിയാൽ കേരളത്തിൽ സമീപഭാവിയിൽ അധികാരം പിടിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിൽ ബി.ജെ.പി. കണ്ണൂരിൽ 31 വർഷം മുമ്പ് സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയായി രണ്ടു കാലുകളും നഷ്ടപ്പെട്ട ആർ.എസ്.എസ് നേതാവും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ സി. സദാനന്ദൻ മാസ്റ്ററെ രാജ്യസഭാംഗമാക്കിയതിലൂടെ സി.പി.എമ്മിനെതിരെ ആയുധമെടുത്തിരിക്കുകയാണ് ബി.ജെ.പി. സംഘപരിവാർ അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിൽ ബി.ജെ.പിയെ പ്രതിരോധിക്കുന്ന സി.പി.എമ്മിനെ അതേതന്ത്രം പ്രയോഗിച്ച് ദേശീയ തലത്തിലടക്കം പ്രഹരിക്കുകയാണ് ലക്ഷ്യം.

പുതിയ ഡി.ജി.പി നിയമനത്തോടെ,കൂത്തു പറമ്പ് രക്തസാക്ഷികളെയടക്കം സി.പി.എം കൈവിട്ടപ്പോൾ, പാർട്ടിക്കുവേണ്ടി ത്യാഗം ചെയ്തവരോടുള്ള കരുതൽ ഉയർത്തിക്കാട്ടുകയാണ് ബി.ജെ.പി

ഇതാദ്യമായാണ് കേരളത്തിൽ നിന്ന് പാർട്ടിപാരമ്പര്യമുള്ളയാളെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നത്.

അതേസമയം, രാഷ്ട്രപതി ദ്രൗപദി മുർമു നാമനിർദേശം മറ്റു മൂന്നുപേർ വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവരാണ്. മുംബയ് ഭീകരാക്രണത്തിലെ ഭീകരൻ അജ്മൽ കസബിന് തൂക്കു കയർ ഉറപ്പാക്കിയ പബ്ലിക് പ്രോസിക്യൂട്ടറും ബി.ജെ.പി നേതാവുമായ ഉജ്ജ്വൽ ദിയോറാവു നികം,​ മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ഷ്രിൻഗ്ള,​ ചരിത്രകാരിയും അക്കാഡമിക് രംഗത്തെ പ്രമുഖയുമായ ഡോ. മീനാക്ഷി ജെയ്ൻ എന്നിവരാണ് മറ്റു മൂന്നു പേർ.

കേരളത്തിൽ ബി.ജെ.പി പയറ്റിയിരുന്നത് കോൺഗ്രസ് മുക്തഭാരതമെന്ന രാഷ്ട്രീയമായിരുന്നു.

കോൺഗ്രസിന്റെ ശക്തി ശ്രോതസായിരുന്ന ന്യൂനപക്ഷത്തെ അടർത്താനായിരുന്നു ശ്രമം. ലൗജിഹാദും വഖഫും അതിന്റെ ഭാഗമായിരുന്നു. ഇനി നേരിട്ടുള്ള പോരാട്ടത്തിലേക്ക് ബി.ജെ.പി കടക്കുകയാണ് . ഗവർണർ ആർ.വി.ആർലേക്കറുടെ ഭാരതാംബ വിവാദവും സർവ്വകലാശാലകളിലെ ആർ.എസ്.എസ്.കടന്നുകയറ്റവും ഇതിന്റെ ഭാഗമാണ്.

നേരിട്ടു പോരാടാൻ സമയമായി

1.ബംഗാളിലും ത്രിപുരയിലും സി.പി.എമ്മിന് ശക്തിപോയെങ്കിലും കേരളത്തിൽ അത് ശക്തമായി നിലനിൽക്കുന്നു.

കഴിഞ്ഞ ലോക് സസഭാ തിരഞ്ഞെടുപ്പിൽ 11അസംബ്ളി സീറ്റുകളിൽ ഒന്നാമതെത്താനും 19നിയമസഭാ സീറ്റുകളിൽ രണ്ടാം സ്ഥാനത്തെത്താനും ബി.ജെ.പിക്കു കഴിഞ്ഞതോടെ, നേരിട്ടുള്ള പോരാട്ടത്തിനുള്ള സമയമായെന്ന് ബി.ജെ.പി

2.മുഖ്യമന്ത്രി പിണറായി വിജയനുമായും സി.പി.എമ്മുമായും ബി.ജെ.പിക്ക് രഹസ്യബന്ധ മുണ്ടെന്ന കോൺഗ്രസ് വിമർശനത്തിന്റെ

മുനയൊടിക്കാനും കഴിയുമെന്ന് കണക്കുകൂട്ടൽ.സി.പി.എം വിരുദ്ധ വോട്ടുകൾ യു.ഡി.എഫിലേക്ക് പോകുന്നത് തടയുകയും ബി.ജെ.പി ലക്ഷ്യമാണ്.

``സദാനന്ദൻ മാസ്റ്ററുടെ ജീവിതം ധീരതയുടെ പ്രതീകം``

-പ്രധാനമന്ത്രി നരേന്ദ്രമോദി