റെയിൽ കോച്ചുകളിൽ സി.സി.ടി.വി ക്യാമറ
ന്യൂഡൽഹി : യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി എല്ലാ കോച്ചുകളിലും സി.സി.ടി.വി ക്യാമറ സ്ഥാപിക്കാൻ റെയിൽവേ തീരുമാനിച്ചു. രാജ്യത്തെ മുഴുവൻ ട്രെയിനുകളിലുമായുള്ള 74000ൽപ്പരം കോച്ചുകളിലാണ് സി.സി.ടി.വി ക്യാമറ സ്ഥാപിക്കുന്നത്. 15,000ൽപ്പരം ട്രെയിനുകളിലെ എൻജിൻ ഭാഗം വരുന്ന ലോക്കോമോട്ടീവുകളിലും ക്യാമറ വരും. സംഘടിത കുറ്റങ്ങൾ ചെയ്യുന്നവരിൽ നിന്നടക്കം യാത്രക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണിത്. ട്രെയിനുകളിലെ കുറ്റകൃത്യങ്ങൾ ഗണ്യമായി കുറയ്‌ക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. നോർത്തേൺ റെയിൽവേയിലെ കോച്ചുകളിൽ നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്നാണ് റെയിൽവേ പറയുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പദ്ധതി വിലയിരുത്തി രാജ്യവ്യാപകമായി നടപ്പാക്കാൻ പച്ചക്കൊടി കാട്ടുകയായിരുന്നു.
360 ഡിഗ്രി സമഗ്ര കവറേജ്
1. ഓരോ കോച്ചിലും നാല് ഡോം ടൈപ്പ് ക്യാമറകൾ. ഡോർ തുറന്ന് കയറുന്ന കോമൺ മൂവ്മെന്റ് ഏരിയയിലാണ് രണ്ടെണ്ണം വീതം സ്ഥാപിക്കുക. യാത്രക്കാരുടെ സ്വകാര്യത കണക്കിലെടുത്താണിത്.
2. ലോക്കോമോട്ടീവുകളിൽ ആറ് ക്യാമറകൾ. എൻജിന് മുന്നിലും പിന്നിലും രണ്ടു വശങ്ങളിലും അടക്കമാണിത്.
3. അത്യാധുനിക സവിശേഷതകളുള്ളതാണ് ക്യാമറകൾ
4. വെളിച്ചം കുറവുള്ള സമയത്തും ക്വാളിറ്റി ദൃശ്യങ്ങൾ ഉറപ്പാക്കും
5. മണിക്കൂറിൽ 100 കിലോമീറ്ററിൽ അധികം വേഗതയിലാണെങ്കിലും വ്യക്തതയുള്ള ഫുട്ടേജുകൾ ലഭ്യമാകും