സ്റ്റാലിൻ സർക്കാർ 'സോറി  മാ മോഡൽ' എന്ന് വിജയ്, കസ്റ്റഡി മരണങ്ങളിൽ നീതി ആവശ്യപ്പെട്ടു

Monday 14 July 2025 12:53 AM IST

ചെന്നൈ: എം.കെ. സ്റ്റാലിൻ സർക്കാർ 'സോറി മാ മോഡൽ സർക്കാരായി" മാറിയെന്ന് തമിഴക വെട്രി കഴകം (ടി.വി.കെ) അദ്ധ്യക്ഷൻ വിജയ്. ഭരണത്തിൽ നിന്ന് ഒഴിയും മുമ്പ് തെറ്റുകൾ തിരുത്തിയില്ലെങ്കിൽ ജനം തിരുത്തിക്കുമെന്ന് മുന്നറിയിപ്പും നൽകി.

ശിവഗംഗയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച അജിത് കുമാറിനും വിവിധ സംഭവങ്ങളിലായി കസ്റ്റഡിയിൽ ജീവൻ നഷ്ടപ്പെട്ട മറ്റ് 23 പേർക്കും നീതി തേടി ചെന്നൈയിൽ നടത്തിയ പ്രതിഷേധ സംഗമത്തിലാണ് സ്റ്റാലിനെതിരെ അഞ്ഞടിച്ചത്.

കറുത്തവസ്ത്രം ധരിച്ചാണ് വിജയ് പരിപാടിയിൽ പങ്കെടുത്തത്. പൊലീസ് കസ്റ്റഡിയിൽ മരിച്ച 24 പേരുടെ കുടുംബാംഗങ്ങളും പ്രതിഷേധത്തിൽ പങ്കാളികളായി.

'കസ്റ്റഡി മരണത്തിന് ഇരയായ 24 കുടുംബങ്ങളോട് സ്റ്റാലിൻ മാപ്പു പറഞ്ഞോ? അജിത്തിന്റെ കുടുംബത്തിനുനൽകിയ സഹായം മറ്റുള്ളവർക്ക് നൽകിയോ? എത്ര പൊലീസ് അതിക്രമങ്ങൾ നിങ്ങളുടെ ഭരണത്തിൽ നടന്നു? അജിത്തിന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നതിൽ തെറ്റൊന്നുമില്ല. ഡി.എം.കെ ഭരണത്തിൽ ഇതുവരെ 24 പേരാണ് പൊലീസ് ലോക്കപ്പിൽ മരിച്ചത്. 24 കുടുംബങ്ങളോടും നിങ്ങൾ ക്ഷമ ചോദിക്കണം. അവർക്ക് നഷ്ടപരിഹാരം നൽകണം.

ജയരാജിന്റെയും ബെന്നിക്സിന്റെയും കേസ് സി.ബി.ഐക്ക് കൈമാറിയത് പൊലീസിന് നാണക്കേടാണെന്നാണ് താങ്കൾ പ്രതിപക്ഷ നേതാവായരുന്നപ്പോൾ പറഞ്ഞത്. പക്ഷേ ഇപ്പോൾ നിങ്ങൾ അത് തന്നെയാണ് ചെയ്യുന്നത്'- വിജയ് പറഞ്ഞു. സാത്താൻകുളത്ത് ലോക്കപ്പ് മരണത്തിൽ കൊല്ലപ്പെട്ടവരാണ് ബെന്നിക്സും ജയരാജും.

'അണ്ണാ സർവകലാശാലയിലെ മാനഭംഗ കേസ് മുതൽ അജിത് കുമാർ കേസ് വരെ കോടതി ഇടപെട്ട് സർക്കാരിനെ ചോദ്യം ചെയ്യുകയാണ്. എല്ലാറ്റിനും കോടതിക്ക് ഇടപെടേണ്ടി വരുന്നെങ്കിൽ ഈ സർക്കാർ എന്തിനാണ് ? നിങ്ങൾക്ക് എന്തിനാണ് മുഖ്യമന്ത്രി സ്ഥാനം ? നിങ്ങളുടെ പക്കൽ നിന്ന് മറുപടി ലഭിക്കില്ല. കാരണം മറുപടിയില്ല. നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കാവുന്ന ഏറ്റവും നല്ല ഉത്തരം സോറി മാ (ക്ഷമിക്കണം) എന്നതാണ്'.– വിജയ് പറഞ്ഞു. മാപ്പു വേണ്ട, നീതി മതി എന്നെഴുതിയ പ്ലകാർഡുകളുമായാണ് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തത്.