628 ജീവപര്യന്തം, 37 തൂക്കുകയർ: ഉജ്ജ്വൽ ഉജ്ജ്വല അഭിഭാഷകൻ
ന്യൂഡൽഹി : 1993 ലെ ബോംബെ ബോംബ് സ്ഫോടന പരമ്പര, 2008 ലെ മുംബയ് ഭീകരാക്രമണം, കാസറ്റ് രാജാവ് ഗുൽഷൻ കുമാറിന്റെയും ബി.ജെ.പി നേതാവ് പ്രമോദ് മഹാജന്റെയും കൊലപാതകം തുടങ്ങി പ്രമാദമായ ഒട്ടേറെ കേസുകളിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ഉജ്ജ്വൽ ദിയോറാവു നികം. 30 വർഷത്തെ സർക്കാർ അഭിഭാഷക ജീവിതത്തിൽ 628 ജീവപര്യന്തവും 37 തൂക്കുകയറുമാണ് പ്രതികൾക്ക് വാങ്ങികൊടുത്തത്.
മുംബയ് ഭീകരാക്രമണത്തിലെ ഭീകരൻ അജ്മൽ കസബിനും, ബോംബെ ബോംബ് സ്ഫോടന പരമ്പരയിലെ പ്രതി യാക്കൂബ് മേമനും വധ ശിക്ഷ ഉറപ്പാക്കിയത് അദ്ദേഹത്തിന്റെ
കരിയറിലെ പൊൻതൂവലുകളായി. നിയമ മേഖലയിലെ പ്രാഗത്ഭ്യത്തിനുള്ള അംഗീകാരമായാണ് രാജ്യസഭാംഗത്വം വിലയിരുത്തപ്പെടുന്നത്. 2024ൽ മുംബയ് നോർത്ത് സെൻട്രൽ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചെങ്കിലും
ജയിച്ചില്ല. അദ്ദേഹത്തിന്റെ ജീവിതം 'ആദേശ്-പവർ ഓഫ് ലാ' എന്ന പേരിൽ സിനിമയായി. 2016ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഭാരിച്ച ഉത്തരവാദിത്തമാണെന്നും, ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രവർത്തിക്കുമെന്നും ഉജ്ജ്വൽ നികം പ്രതികരിച്ചു. ഇസഡ് പ്ലസ് സുരക്ഷയുള്ള അഭിഭാഷകൻ കൂടിയാണ് ഉജ്ജ്വൽ.
സംഘാടന മികവുമായി
ഹർഷ് വർദ്ധൻ
2020 മുതൽ 2022 വരെ വിദേശകാര്യ സെക്രട്ടറിയായിരുന്നു ഹർഷ് വർദ്ധൻ ഷ്രിൻഗ്ള. 2019ൽ യു.എസിലെ ഇന്ത്യൻ സ്ഥാനപതിയായിരിക്കെ, ടെക്‌സാസിൽ 'ഹൗഡി മോദി' പരിപാടി വിജയകരമായി സംഘടിപ്പിച്ചു. 2023ൽ ഇന്ത്യയിൽ നടന്ന ജി 20 ഉച്ചകോടിയുടെ ചീഫ് കോ-ഓർഡിനേറ്ററായിരുന്നു.
അറിയപ്പെടുന്ന ചരിത്രകാരിയാണ് രാജ്യസഭാംഗമാവുന്ന ഡോ. മീനാക്ഷി ജെയ്ൻ. ഡൽഹി സർവകലാശാലയിലെ മുൻ അസോസിയേറ്റ് പ്രൊഫസറാണ്.