ഒന്നായ നിന്നെയിഹ; വെളുക്കാൻ തേച്ചതും...

Monday 14 July 2025 1:31 AM IST

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിൽ... - ഹരിനാമ കീർത്തനത്തിലെ ഈ ശ്ലോകമാണ് തലസ്ഥാനത്തെ കേരള സർവകലാശാലാ ആസ്ഥാനത്തെത്തുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും കാണുന്നത്! താത്കാലിക വി.സി ഭരണം തുടങ്ങിയിട്ട് മാസങ്ങളായി. ഇപ്പോൾ രജിസ്ട്രാറുടെ കസേരയിൽ ഒരേസമയം രണ്ടു മുറിയിൽ, രണ്ടുപേർ. ഇതെന്താ കുമ്പിടി വിദ്യയാണോ എന്നു ചോദിച്ചാൽ, രണ്ടും ഒരാളല്ല. രണ്ടു പേർ- ഒരു പുരുഷനും ഒരു സ്ത്രീയും. പുരുഷൻ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്ത, നിലവിലെ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ. സ്ത്രീയാവട്ടെ, വി.സി പകരം രജിസ്ട്രാറുടെ ചുമതലയേല്പിച്ച ജോയിന്റ് രജിസ്ട്രാർ മിനി കാപ്പനും.

ആദ്യത്തെയാളിന് സിൻഡിക്കേറ്റിന്റെ പൂർണ്ണ താങ്ങ്. വി.സിയുടെ സസ്പെൻഷൻ വകവയ്ക്കാത രാവിലെ കൃത്യമായി സ്വന്തം ഓഫീസിൽ. പക്ഷേ, ഡിജിറ്റൽ ഉൾപ്പെടെ ഒരു ഫയലും തൊട്ടുപോകരുതെന്ന് വി.സിയുടെ ഇണ്ടാസ്. അദ്ദേഹം ഒപ്പിട്ടയച്ച രണ്ടു ഫയലും തിരിച്ചയച്ചു. താൻ സസ്പെൻഡ് ചെയ്തയാൾ എന്തിന് ഫയൽ നോക്കുന്നുവെന്ന് വി.സി. ധിക്കരിച്ച് ഓഫീസിലെത്തിയതല്ലേ?അവിടെ ഈച്ചയാട്ടി ഇരിക്കട്ടെ എന്ന ഭാവം. പകരം വച്ച രജിസ്ട്രാർ ഒപ്പിട്ടയച്ച ഫയലുകൾ കൈയോടെ പാസാക്കുകയും ചെയ്തു. ഫയൽ യുദ്ധം തന്നെ. അപേക്ഷയുമായി ഏത് രജിസ്ട്രാറുടെ അടുത്തെത്തും? ചിന്താക്കുഴപ്പത്തിൽ ജനം.

വി.സിക്കെതിരെ പ്രതിഷേധവുമായി എത്തിയ എസ്.എഫ്.ഐക്കാർ പൊലീസിനെ കാഴ്ചക്കാരാക്കി സർവകലാശാലാ മന്ദിരത്തിന്റെ ഗേറ്റും പല നിലകളും ചാടിക്കടന്ന് വി.സിയുടെ ഓഫീസ് വാതിലും പൊളിച്ച് ഉള്ളിൽ കടക്കുന്നതു കണ്ട ടിവി ചാനൽ പ്രേക്ഷകർക്ക് രണ്ടു കാര്യങ്ങൾ ബോദ്ധ്യമായി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസം 'ഉന്നതി"യിലേക്ക് കുതിക്കുകയാണെന്ന സർക്കാർ വാദം എത്ര ശരി! 'മൃദുഭാവേ" എന്ന കേരള പൊലീസിന്റെ ആപ്തവാക്യവും അവർ പാലിച്ചു. എന്ത് വിനയം. എന്തൊരു വിധേയത്വം!

ഈ പോരുകളിലെന്നും ഇടപെടാതെ ഗ്യാലറിയിലിരുന്ന് കളി കണ്ടു രസിക്കുന്ന ഒരാളുണ്ട്. എല്ലാത്തിനും കാരണഭൂതനെന്ന് സർക്കാരും പ്രതിപക്ഷവും പറയുന്ന സാക്ഷാൽ ഗവർണർ ആർ.വി. ആർലേക്കർ. രാജ്ഭവനിലെ പൊതു ചടങ്ങിൽ ആർ.എസ്.എസ് കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ ഗവർണർ പുഷ്പാർച്ചന നടത്തിയതാണല്ലോ കളികളുടെ തുടക്കം. അതേ ഭാരതാംബയുടെ ചിത്രം സർവകലാശാലാ സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുത്ത സ്വകാര്യ ചടങ്ങിലും വച്ചതോടെ രജിസ്ട്രാർ ഡോ. അനിൽകുമാർ ചടങ്ങ് റദ്ദാക്കിയത് അദ്ദേഹത്തിന്റെ സസ്പെൻഷനിലും ഫയൽ യുദ്ധത്തിലും വിദ്യാർത്ഥി സമരത്തിലുമെത്തി. എന്നാൽ, 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ" എന്ന മട്ടിൽ കളി മൂക്കാൻ കാത്തിരിക്കുകയാണ് ചാൻസലർ കൂടിയായ ഗവർണറെന്നാണ് ആക്ഷേപം.

 

വെളുക്കാൻ തേച്ചത് പാണ്ടായി! ഈ വർഷത്തെ എൻജിനിയറിംഗ് കീം പ്രവേശന പരീക്ഷ എഴുതിയ കേരള സിബസിലെ കുട്ടികൾക്ക് റാങ്ക് പട്ടിക വരുമ്പോൾ മാർക്ക് കുറയുന്നുവെന്ന പരാതി തീർക്കുകയെന്ന സദുദ്ദേശ്യമേ സർക്കാരിനും മന്ത്രി ആർ. ബിന്ദുവിനും ഉണ്ടായിരുന്നുള്ളൂ എന്നാണ് പറയുന്നത്. പക്ഷേ, അതിനു വേണ്ടി സർക്കാർ അവസാന നിമിഷം നടത്തിയ പൊടിക്കൈകൾ ഹൈക്കോടതി പൊക്കി. അതോടെ, ആദ്യം പുറത്തു വിട്ട റാങ്ക് ലിസ്റ്റും വെള്ളത്തിൽ. പുതിയ ലിസ്റ്റ് വന്നപ്പോൾ ആദ്യത്തെ മുൻനിരക്കാർ പലരും പിന്നിൽ. പ്രവേശനം ഉറപ്പെന്നു കരുതിയ പലരും നിലയില്ലാക്കയത്തിൽ. കണ്ണീരും കൈയുമായി ആയിരക്കണക്കിന് കുട്ടികളും രക്ഷിതാക്കളും.

സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാർശ പോലും മറികടന്നും, നിയമവശം നോക്കാതെയുമാണ് തികഞ്ഞ ലാഘവത്തോടെ സർക്കാർ നടത്തിയ കോപ്രായമെന്നാണ് ആക്ഷേപം. കഴിഞ്ഞ പതിനൊന്ന് വർഷമായി കീം പട്ടികയിൽ തുടർന്നുവരുന്ന മാർക്ക് സമീകരണ രീതി കേരള സിലബസിലെ കുട്ടികൾക്ക് ദോഷകരമാണെങ്കിൽ മാറ്റിയേ തീരൂ. അതിന് തട്ടിക്കൂട്ട് മാർഗമല്ല പരിഹാരം. മാറ്റം ഇക്കൊല്ലംതന്നെ ധൃതിപിടിച്ച് നടപ്പാക്കരുതെന്ന വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശവും സർക്കാർ അവഗണിച്ചു. അക്കാര്യം വെളിപ്പെട്ടതാവട്ടെ ഹൈക്കോടതിയുടെ പരിശോധനയിലും.

ഇതു ചൂണ്ടിക്കാട്ടിയ മാദ്ധ്യമ പ്രവർത്തകരോട്, 'നിങ്ങൾ വലിയ കോടതി ചമയേണ്ട" എന്ന് മന്ത്രി ബിന്ദു. ഉത്തരം

മുട്ടിയ മന്ത്രി കൊഞ്ഞനം കാട്ടിയതാണെന്ന് പ്രതിപക്ഷം. പ്രോസ്പെക്ടസിൽ ഏതു സമയവും മാറ്റം വരുത്താൻ അധികാരമുണ്ടെന്നാണ് സർക്കാരിന്റെ വാദം. മാറ്റം വരുത്തിയതാവട്ടെ, റാങ്ക് പട്ടിക തയ്യാറാക്കുന്നതിന് മണിക്കൂറുകൾ മുമ്പ്. അതാണ് കോടതിയിൽ പൊളിഞ്ഞത്. അടുത്ത വർഷം എല്ലാം ശരിയാക്കാമെന്നു പറഞ്ഞ് സർക്കാരിന് തടിതപ്പാം. അടുത്ത വർഷം ഭരിക്കുന്നത് വേറെ ആണുങ്ങളെന്ന് പ്രതിപക്ഷം.

ആദ്യ പട്ടികയിൽ ഉയർന്ന റാങ്ക് കിട്ടിയ കുട്ടികൾ രണ്ടാം പട്ടിക വന്നതോടെ, 'ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി ഇലയിട്ട ശേഷം ഊണില്ലെന്നു" പറഞ്ഞ സ്ഥിതിയിലായി. റാങ്ക് പട്ടിക തയ്യാറാക്കുന്നതിൽ മാറ്റം വരുത്താൻ സർക്കാരിന് അധികാരമുണ്ടോ എന്നതല്ല, അത് എങ്ങനെ,​ ഏതു സന്ദർഭത്തിൽ ഉപയോഗിക്കുന്നു എന്നതാണ് പ്രശ്നമെന്ന് ഹൈക്കോടതിയുടെ ഓർമ്മപ്പെടുത്തൽ. ആന കൊടുത്താലും ആശ കൊടുക്കരുത് !

 

'ചൊല്ലിക്കൊട്, തല്ലിക്കൊട്, തള്ളിക്കള..." എന്നതാണ് അനുസരണക്കേട് കാട്ടുന്ന അനന്തരവന്മാരോട് പണ്ടത്തെ കൂട്ടുകുടുംബങ്ങളിലെ കാരണവന്മാർ മുതൽ ശീലിച്ചുവന്ന രീതി. പക്ഷേ, 'മുടിയനായ പുത്രനെ" അത്ര എളുപ്പം തള്ളിക്കളയാൻ പറ്റാത്ത ദു:സ്ഥിതിയിലാണ് കോൺഗ്രസ്. പാർട്ടി എം.പിയും പ്രവർത്തകസമിതി അംഗവുമായ ശശി തരൂർ 'കുടുംബത്തിനു ചേരാത്ത" പ്രവൃത്തി തുടങ്ങിയിട്ട് നാളേറെയായി. തുടർച്ചയായ മോദി സ്തുതിയും, പാർട്ടിയോട്

അനുവാദം ചോദിക്കാതെ കേന്ദ്ര സർക്കാരിന്റ വിദേശ സംഘത്തലവനായതുമൊക്കെ ക്ഷമിച്ചു. കൊത്തിക്കൊത്തി മുറത്തിലും കയറി കൊത്തിയാലോ?

അടിയന്തരാവസ്ഥ തെറ്റായിപ്പോയെന്നു പറഞ്ഞാൽ മനസിലാക്കാം. അന്നു നടന്ന ക്രൂരതകളുടെ പേരിൽ ഇന്ദിരാ ഗാന്ധിയെ കോൺഗ്രസിലിരുന്നുകൊണ്ട് തള്ളിപ്പറഞ്ഞാലോ? ശശി തരൂർ ഇപ്പോൾ ഏതു പാർട്ടിയിലാണെന്നാണ് കെ. മുരളീധരന്റെ ചോദ്യം,​ ആ ധൈര്യം പോലും കാട്ടാൻ കോൺഗ്രസ് ഹൈക്കമാൻഡ് മുതിരുന്നില്ല!

 

കേരളത്തിൽ അടുത്ത തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആരാവും കോൺഗ്രസ് മുഖ്യമന്ത്രി?ഇക്കഴിഞ്ഞ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയത്തിന്റെ ക്രെഡിറ്റ് 'ക്യാപ്ടൻ" വി.ഡി. സതീശൻ അടിച്ചുമാറ്റുമെന്നായപ്പോൾ ചാടിവീണ ചില 'മേജർ"മാരെ നമ്മൾ കണ്ടതാണ്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടാവാം ഇനി അങ്കം. പക്ഷേ, മണ്ണും ചാരി നിന്നവൻ പെണ്ണുംകൊണ്ട് പോയാലോ?ഡൽഹിയിലെ ഒരു സ്വകാര്യ ഏജൻസി നടത്തിയ സർവേയിൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും കൂടുതൽ പിന്തുണ ശശി തരൂരിനാണത്രെ. ഈ രഹസ്യം വെളിപ്പെടുത്തിയതും തരൂർ തന്നെ!

തരൂരിനു ലഭിച്ച വോട്ട് 23 ശതമാനം. വി.ഡി സതീശന് 15 ശതമാനം. പാർട്ടിയിലെ മറ്റ് ഭൈമീകാമുകന്മാരുടെ സ്ഥിതിയാണ് കഷ്ടം. പലർക്കും അഞ്ചു ശതമാനത്തിൽ താഴെയാണ് സ്ഥാനം. ഈ സർവേ,​ കോൺഗ്രസിൽ തരൂരിന് കുളം കലക്കാൻ ബി.ജെ.പി മെനഞ്ഞെടുത്തതാണെന്ന് രമേശ് ചെന്നിത്തലയും കെ. മുരളീധരനും. പ്രതികരണം ചിരിയിലൊതുക്കി വി.ഡി.സതീശൻ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത മേയ് മാസത്തിലല്ലേ?​ ഇങ്ങനെ പോയാൽ അതിനകം തരൂരിന്റെ കാര്യത്തിൽ ഒരു തീരുമാനമാകും. അങ്ങനെ ഒരാൾ ഔട്ട്. അതിന്റെ ആശ്വാസത്തിലാണ് സതീശനും മറ്റും.

നുറുങ്ങ്

□ കേരളത്തിലെ 13 സർവകലാശാലകളിൽ 12-ലും സ്ഥിരം വൈസ് ചാൻസലർമാരില്ല.

■ മണ്ട പോയ തെങ്ങ് പോലെ.

(വിദുരരുടെ ഫോൺ: 99461 08221)