ഗാസയിൽ വ്യോമാക്രമണം: 10 മരണം കൊല്ലപ്പെട്ടവരിൽ 6 കുട്ടികൾ
ടെൽ അവീവ്: മദ്ധ്യ ഗാസയിൽ ജലവിതരണ പോയിന്റിന് മുന്നിൽ കാത്തുനിന്ന ആറ് കുട്ടികൾ അടക്കം 10 പേർ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഏഴ് കുട്ടികൾ അടക്കം 16 പേർക്ക് പരിക്കേറ്റു. ഇന്നലെ അൽ നുസൈറത്ത് അഭയാർത്ഥി ക്യാമ്പിലായിരുന്നു സംഭവം. പാത്രങ്ങളും കാനുകളുമായി വെള്ള ടാങ്കറിന് സമീപം വരി നിന്നവർക്ക് നേരെ ഇസ്രയേൽ മിസൈൽ പതിക്കുകയായിരുന്നു.
അതേ സമയം, ആക്രമണം സാങ്കേതിക തകരാർ മൂലം സംഭവിച്ചതാണെന്ന് ഇസ്രയേൽ പ്രതികരിച്ചു. ഇസ്ലാമിക് ജിഹാദ് അംഗങ്ങൾക്കെതിരെ നടത്തിയ ദൗത്യത്തിനിടെ ലക്ഷ്യസ്ഥാനത്ത് നിന്ന് മാറി സ്ഫോടക വസ്തു പതിച്ചെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. സാധാരണക്കാർ ആക്രമണങ്ങളിൽ ഉൾപ്പെടുന്നത് ഒഴിവാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും, സാധാരണക്കാർക്ക് ദോഷമുണ്ടായെങ്കിൽ ഖേദിക്കുന്നെന്നും ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
അതേ സമയം, രക്തത്തിൽ കുളിച്ച് ചലനമറ്റ് കിടക്കുന്ന കുട്ടികളുടെ ദയനീയ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇസ്രയേലിനെതിരെ പ്രതിഷേധം ശക്തമായി. 60 ദിവസത്തെ വെടിനിറുത്തലിനായുള്ള ചർച്ചകൾ അനിശ്ചിതത്വത്തിൽ തുടരവെ, ഇന്നലെ 80ഓളം പേരാണ് ഗാസയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ആകെ മരണം 58,000 കടന്നു.