യു.എസിൽ ഖാലിസ്ഥാൻ ഭീകരർ അറസ്‌റ്റിൽ
Monday 14 July 2025 7:30 AM IST
വാഷിംഗ്ടൺ: ഇന്ത്യ തേടുന്ന ക്രിമിനൽ അടക്കം എട്ട് ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ (ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ). ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള പഞ്ചാബ് സ്വദേശിയായ പവിട്ടർ സിംഗ് ബട്ടാല അടക്കമുള്ള ഭീകരരെ കാലിഫോർണിയയിലെ ഒരു തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തത്. യു.എസിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. നിരോധിത ഖാലിസ്ഥാൻ ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണൽ അംഗമാണ് ബട്ടാല. ദിൽപ്രീത് സിംഗ്, അമൃത്പാൽ സിംഗ്, അർഷ്പ്രീത് സിംഗ്, മൻപ്രീത് റൺദാവ, സരബ്‌ജിത് സിംഗ്, ഗുർതാജ് സിംഗ്, വിശാൽ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഇവരിൽ നിന്ന് തോക്കുകളും പിടിച്ചെടുത്തു. പ്രതികളെ സാൻ വാക്കീൻ കൗണ്ടി ജയിലിലേക്ക് മാറ്റി.