ഇസ്രയേലിന്റെ വധശ്രമം: ഇറാൻ പ്രസിഡന്റ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് റിപ്പോർട്ട്
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ ഇസ്രയേൽ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് റിപ്പോർട്ട്. ജൂൺ 16നാണ് ഇസ്രയേൽ പെസഷ്‌കിയാനെ ലക്ഷ്യമിട്ടതെന്ന് ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്‌റാന്റെ പടിഞ്ഞാറൻ പ്രദേശത്ത് പെസഷ്‌കിയാന്റെ അദ്ധ്യക്ഷതയിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ രഹസ്യ യോഗം നടക്കവെയായിരുന്നു ആക്രമണം.
കെട്ടിടത്തിൽ മിസൈൽ പതിച്ചു. കാലിന് നിസാര പരിക്കോടെ പെസഷ്‌കിയാൻ രക്ഷപ്പെട്ടു. പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഘാലിബാഫ്, ജുഡീഷ്യറി തലവൻ മൊഹ്സേനി ഇജെയ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഇവരും രക്ഷപ്പെട്ടു. എത്ര പേർ കൊല്ലപ്പെട്ടെന്ന് വ്യക്തമല്ല.
ജൂൺ 13 മുതൽ 12 ദിവസം നീണ്ട സംഘർഷത്തിനിടെ ഇസ്രയേൽ തന്നെ വധിക്കാൻ ശ്രമിച്ചിരുന്നെന്ന് പെസഷ്‌കിയാനും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. റിപ്പോർട്ടിനോട് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. അതേ സമയം, ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ വധിക്കാൻ പദ്ധതിയിട്ടിരുന്നെന്നും ആഴമുള്ള ബങ്കറിലൊളിച്ചതു കൊണ്ടാണ് ഖമനേയി രക്ഷപ്പെട്ടതെന്നും ഇസ്രയേൽ പറഞ്ഞിരുന്നു.
ഇസ്രയേൽ ആക്രമണങ്ങളിൽ സൈനിക മേധാവിമാരും ആണവ ശാസ്ത്രജ്ഞരും അടക്കം 627 പേരാണ് ഇറാനിൽ കൊല്ലപ്പെട്ടത്. ഫോർഡോ അടക്കം ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യു.എസും ബോംബിട്ടിരുന്നു.
# നസ്രള്ള വധത്തിന്റെ മാതൃക
ഹിസ്ബുള്ള തലവനായിരുന്ന ഹസൻ നസ്രള്ളയെ വകവരുത്തിയ മാതൃകയിലാണ് ഇസ്രയേൽ പെസഷ്‌കിയാനെ വധിക്കാൻ ശ്രമിച്ചതെന്ന് പറയുന്നു
കഴിഞ്ഞ സെപ്തംബറിൽ ലെബനനിലെ ബെയ്റൂട്ടിൽ ബങ്കറിൽ യോഗം ചേരുന്നതിനിടെയാണ് ഇസ്രയേലി മിസൈലുകൾ നസ്രള്ളയുടെ ജീവനെടുത്തത്
പെസഷ്‌കിയാനുണ്ടായിരുന്ന കെട്ടിടത്തിന്റെ പുറത്തുകടക്കാനുള്ള വഴികൾ 6 ഇസ്രയേലി മിസൈലുകൾ തകർത്തു. രക്ഷപെടൽ ഒഴിവാക്കുകയും വായു സഞ്ചാരം തടയുകയുമായിരുന്നു ലക്ഷ്യം
പെസഷ്‌കിയാൻ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ. സ്ഫോടനം ഉണ്ടായ ഉടൻ ഇവിടേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കപ്പെട്ടു
ഭീഷണി കണക്കിലെടുത്ത് കെട്ടിടത്തിൽ ഒരു എമർജൻസി എക്സിറ്റ് പോയിന്റ് മുൻകൂട്ടി തയ്യാറാക്കിയിരുന്നു. പെസഷ്‌കിയാനും സംഘവും ഇതിലൂടെ രക്ഷപ്പെട്ടു
യോഗം സംബന്ധിച്ച വിവരങ്ങൾ ഇസ്രയേലിന് ചോർത്തി നൽകിയവർക്കായി അന്വേഷണം തുടങ്ങി