ലണ്ടനിൽ ചെറുവിമാനം തകർന്നു

Monday 14 July 2025 7:32 AM IST

ലണ്ടൻ: ഇംഗ്ലണ്ടിലെ ലണ്ടൻ സതെൻഡ് വിമാനത്താവളത്തിൽ ചെറുവിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നുവീണ് പൊട്ടിത്തെറിച്ചു. ഇന്ത്യൻ സമയം ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം. നെതർലൻഡ്‌സിലേക്ക് പുറപ്പെട്ട മെഡിക്കൽ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ എത്ര പേരുണ്ടായിരുന്നെന്ന് വ്യക്തമല്ല.

പറന്നുയർന്ന് നാല് സെക്കൻഡിനുള്ളിൽ നിയന്ത്രണം നഷ്ടമായി ഇടത്തേക്ക് ചരിഞ്ഞ വിമാനം റൺവേയിൽ തലകുത്തനെ ഇടിച്ചുവീണ് അഗ്നിഗോളമായി. സംഭവത്തിന് പിന്നാലെ മേഖലയിൽ ശക്തമായ തീപിടിത്തമുണ്ടായി. സുരക്ഷാ മുൻകരുതലെന്ന നിലയ്ക്ക് സമീപത്തെ ഗോൾഫ്,റഗ്ബി ക്ലബ്ബുകൾ ഒഴിപ്പിച്ചു. ലണ്ടനിൽ നിന്ന് 72 കിലോമീറ്റർ അകലെ കിഴക്കാണ് താരതമ്യേന ചെറിയ വിമാനത്താവളമായ സതെൻഡ്.