മ്യാന്മാറിൽ ഇന്ത്യൻ ഡ്രോണുകൾ തങ്ങളെ ആക്രമിച്ചെന്ന ആരോപണവുമായി ഉൾഫ ഭീകരർ, തള്ളി സൈന്യം

Monday 14 July 2025 9:10 AM IST

ന്യൂഡൽഹി: മ്യാൻമാറിലെ സഗായിംഗ് മേഖലയിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ തങ്ങളുടെ മുതിർന്ന നേതാക്കൾക്ക് ജീവൻ നഷ്‌ടമായെന്ന് വിഘടനവാദ സംഘടനയായ ഉൾഫ (ഐ)​. നയൻ അസോം,​ ഗണേഷ് അസോം,​ പ്രദീപ് അസോം എന്നിങ്ങനെ മൂന്ന് മുതിർന്ന നേതാക്കളാണ് മരിച്ചതെന്ന് നിരോധിത സംഘടനയുടെ മ്യാൻമാറിലെ ഘടകമായ ഉൾഫ (ഐ)​ അറിയിഎ. ഇന്ത്യൻ സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് ഉൾഫയുടെ ആരോപണം.

150ഓളം വരുന്ന ഇസ്രയേലി-ഫ്രഞ്ച് നിർമ്മിതമായ ഡ്രോണുകൾ സഗായിംഗ് മേഖലയിലെ തങ്ങളുടെ മൊബൈൽ ക്യാമ്പുകളിൽ ആക്രമണം നടത്തിയെന്നും മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടെന്നുമാണ് വാദം. എന്നാ‌ൽ ഉൾഫയും മണിപ്പൂരിലെ റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ടും (ആർപിഎഫ്)​ സാന്നിദ്ധ്യമറിയിക്കുന്ന ഇന്ത്യ-മ്യാൻമാർ അതിർത്തിയിലും തൊട്ടടുത്ത് നാഗാലാന്റിലെ ലോംഗ്‌വായിലും അരുണാചൽ പ്രദേശിലെ പാംഗ്‌സാവ് പാസിലും അത്തരം ആക്രമണം ഉൾഫ പറയുംപോലെ നടന്നിട്ടില്ലെന്നാണ് ഇന്ത്യൻ സൈന്യം വ്യക്തമാക്കുന്നത്.

പുലർച്ചെ രണ്ടിനും നാലിനുമിടയിൽ മൂന്ന് തവണ ഡ്രോൺ ആക്രമണമുണ്ടായി എന്നാണ് ഉൾഫ (ഐ)​ പറയുന്നത്. ആദ്യ ആക്രമണത്തിൽ നയൻ അസോം മരിച്ചു. ഇയാളുടെ സംസ്‌കാര ചടങ്ങ് നടക്കുമ്പോഴാണ് രണ്ടാമത് ആക്രമണമുണ്ടായത്. ഈ ആക്രമണത്തിൽ 19 പേർക്ക് പരിക്ക് പറ്റിയെന്നും ആരോപണമുണ്ട്. എന്നാൽ അത്തരം ആക്രമണങ്ങളെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് പ്രതിരോധ വകുപ്പ് വക്താവ് ലഫ്. കേണൽ മഹേന്ദ്ര റാവത്ത് ദേശീയ മാദ്ധ്യമങ്ങളെ അറിയിച്ചു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും പൊലീസും ഇത്തരമൊരു കാര്യത്തെക്കുറിച്ച് അറിയില്ലെന്ന് പ്രതികരിച്ചു. മേഖലയിൽ നിലനിൽക്കുന്ന ആഭ്യന്തര സംഘർഷത്തിന്റെ ഭാഗമാകാം പ്രശ്നങ്ങളെന്നാണ് അനുമാനം.