അടിയന്തരാവസ്ഥയുടെ ഓർമ്മ; ലണ്ടനിൽ സമ്മേളനം
ലണ്ടൻ: അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ക്രോയ്ഡൺ ബ്രാഞ്ചിന്റെ അഭിമുഖ്യത്തിൽ റസ്കിൻ ഹൗസിൽ സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ 50 വർഷം ഒരു ഓർമ്മപ്പെടുത്തൽ ചർച്ചയിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് മുൻ ജനറൽ സെക്രട്ടറിയും ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ഗ്രേറ്റ് ബ്രിട്ടൻ നാഷണൽ പ്രസിഡന്റുമായ ഹാർസേവ് ബൈൻസ് മുഖ്യപ്രഭാഷണം നടത്തി. അടിയന്തരാവസ്ഥയുടെ കാലഘട്ടത്തിൽ ഇന്ത്യൻ ജനത അനുഭവിച്ച ദുരിതങ്ങൾ, ചെറുത്തുനിൽപ്പുകൾ, പഠിച്ച പാഠങ്ങൾ, നിലവിലെ ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ ജനാധിപത്യം നേരിടുന്ന ഭീഷണികൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിവരിച്ചു.
തുടർന്ന് സ്വാതന്ത്ര്യത്തിന്റെ അർത്ഥം, ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം, ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പൗരന്മാരുടെ പങ്ക് എന്നിവയെക്കുറിച്ചുള്ള ചിന്തകൾ പങ്കുവച്ച ഒരു സംവേദനാത്മക ചർച്ചയും നടന്നു. എ.ഐ.സി ക്രോയ്ഡൺ ബ്രാഞ്ച് എക്സിക്യൂട്ടീവ് അംഗം അജയൻ അദ്ധ്യക്ഷത വഹിച്ചു ബ്രാഞ്ച് സെക്രട്ടറി അനിൽകുമാർ സ്വാഗതവും രാജേന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.