'സമാധാനവും വളർച്ചയും വേണം', സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു

Monday 14 July 2025 9:41 AM IST

ഹൈദരാബാദ്: ഇന്ത്യൻ ബാഡ്‌മിന്റൺ വനിതാ താരവും ഒളിമ്പിക്‌സ് മെഡൽ ജേതാവുമായ സൈന നെഹ്‌വാൾ വിവാഹമോചിതയാകുന്നു. ഏഴ് വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന് സൈനയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.

'ജീവിതം ചിലപ്പോൾ നമ്മെ വ്യത്യസ്‌ത ദിശകളിലേക്ക് കൊണ്ടുപോകും. ഏറെ ആലോചനകൾക്ക് ശേഷം ഞാനും കശ്യപ് പരുപ്പള്ളിയും വേർപിരിയാൻ തീരുമാനിച്ചു. സമാധാനവും ശാന്തിയും വളർച്ചയും ഞങ്ങൾ തിരഞ്ഞെടുത്തു. ഇന്നുവരെ നൽകിയ നിരവധി ഓർമ്മകൾക്ക് നന്ദിയുണ്ട്. അതോടൊപ്പം മുന്നോട്ടുള്ള ജീവിതത്തിൽ എല്ലാ ആശംസകളും നേരുന്നു. ഈ സമയം ഞങ്ങളുടെ സ്വകാര്യതയെ മനസിലാക്കിയതിനും ബഹുമാനിക്കുന്നതിലും നന്ദിയുണ്ട്.' സൈന കുറിച്ചു.

ഹരിയാന സ്വദേശിയായ സൈന നെഹ്‌വാൾ 2008ൽ ലോക ജൂനിയർ ചാമ്പ്യൻഷിപ്പ് വിജയിച്ചതോടെയാണ് ലോകശ്രദ്ധ ആകർഷിച്ചത്. അതേവർഷം ഒളിമ്പിക്സിൽ ക്വാർട്ടർ ഫൈനലിലെത്തി. 2009ൽ അർജുന അവാർഡും 2010ൽ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡും നേടിയ സൈന ബാ‌ഡ്‌മിന്റണിൽ ലോക ഒന്നാം റാങ്ക് നേടിയ ഒരേയൊരു ഇന്ത്യക്കാരിയുമാണ്.

2014 കോമൺവെൽത്ത് ഗെയിംസിൽ ഗോൾഡ് മെഡൽ ജേതാവാണ് 38കാരനായ പരുപ്പള്ളി കശ്യപ്. 2012 ഒളിമ്പിക്‌സിൽ ക്വാർട്ടർ ഫൈനലിലെത്തിയയാളാണ്. പ്രകാശ് പദുക്കോൺ, പുല്ലേല ഗോപിചന്ദ് തുടങ്ങി ഇതിഹാസ താരങ്ങൾക്ക് കീഴിൽ പരിശീലിച്ചിട്ടുള്ള കശ്യപ് ലോക ആറാം നമ്പർ താരമായിരുന്നു. നിരന്തരമുള്ള പരിക്ക് ആണ് അദ്ദേഹത്തിന്റെ കരിയറിൽ പ്രശ്‌നമായത്.