'മരണവീട്ടിലാണോ സെൽഫി' പിന്തുടർന്ന ആരാധകനുനേരേ ക്ഷുഭിതനായി രാജമൗലി; വീഡിയോ

Monday 14 July 2025 10:19 AM IST

ഏതൊരു ആരാധകനും ഒരു ജനപ്രിയ താരത്തെ കാണുമ്പോൾ അവർക്കൊപ്പം ഒരു ഫോട്ടോയെങ്കിലും എടുക്കാൻ ആഗ്രഹിക്കും. അവസരം ലഭിച്ചാൽ സാഹചര്യങ്ങൾ എന്തുതന്നെയായാലും മിക്ക ആളുകളും അവരുടെ പ്രിയപ്പെട്ട താരത്തോടൊപ്പം ഒരു ഫോട്ടോ എടുക്കുന്നതിനെപറ്റി മാത്രമേ ചിന്തിക്കുകയുള്ളു. അത്തരത്തിൽ തെലുങ്ക് സംവിധായകൻ രാജമൗലിയോടൊപ്പം ആരാധകൻ സെൽഫിയെടുക്കാൻ വന്നപ്പോൾ അദ്ദേഹം ക്ഷുഭിതനാകുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

പ്രശസ്ത തെലുങ്ക് സിനിമാ നടനും മുൻ ബിജെപി എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവുവിന്റെ മരണത്തിൽ സിനിമാ ലോകം മുഴുവൻ ഞെട്ടലിലായിരുന്നു. നിരവധി സിനിമാ പ്രവർത്തകർ അന്ത്യാഞ്ജലി അർപ്പിക്കാൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു. ഇതിനിടെയാണ് പ്രമുഖ താരങ്ങൾക്കൊപ്പം ഫോട്ടോയും വീ‌ഡിയോയും എടുക്കുന്നതിന്റെ തിക്കും തിരക്കുമുണ്ടായത്.

ആൾക്കൂട്ടത്തിനിടയിൽ നിന്ന ഒരാൾ രാജമൗലിയോടൊപ്പം ഫോട്ടോ എടുക്കാൻ ശ്രമിച്ചു. സംവിധായകൻ മാറി നിന്നിട്ടും ഇയാൾ പിന്തുടർന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുകയായിരുന്നു. ആരാധകൻ അടുത്തേക്ക് വന്നപ്പോൾ എന്താണെന്ന് ദേശ്യത്തോട് ചോദിക്കുന്ന രാജമൗലിയുടെ പ്രതികരണവും ദൃശ്യങ്ങളിൽ കാണാം. സ്ഥലകാലബോധമില്ലാതെ പെരുമാറിയ ആരാധകനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. ഒരു ശവസംസ്കാര ചടങ്ങിൽ എങ്ങനെ പെരുമാറണമെന്ന് അറിയാതെയാണ് ഇയാൾ സംവിധായകനോട് പെരുമാറിയതെന്ന് പലരും വൈറലായ വീഡിയോയ്ക്ക് താഴെ അഭിപ്രായപ്പെട്ടു.വീഡിയോ