ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലം; അനിരുദ്ധ് ഒരു ചിത്രത്തിന് വാങ്ങുന്നത് എത്ര കോടിയെന്നറിയാമോ?

Monday 14 July 2025 11:04 AM IST

ഗായകൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ പ്രശസ്‌തനാണ് അനിരുദ്ധ് രവിചന്ദർ. കോടിക്കണക്കിന് ആരാധകരെയാണ് ഈ ചെറിയ പ്രായത്തിനുള്ളിൽ അനിരുദ്ധ് സമ്പാദിച്ചിരിക്കുന്നത്. അനിരുദ്ധ് ചെയ്യുന്ന പാട്ടുകളെല്ലാം വൻ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അനിരുദ്ധ് തെലുങ്ക് സിനിമയ്‌ക്ക് പ്രതിഫലം വർദ്ധിപ്പിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

വർദ്ധിച്ചുവരുന്ന ജനപ്രീതിയും പാട്ടുകളെല്ലാം വൻ ഹിറ്റാകുന്നതുമാണ് പ്രതിഫലം ഉയർത്താനുള്ള കാരണമെന്നാണ് വിവരം. തെലുങ്കിൽ നിരവധി സംവിധായകന്മാരാണ് പുതിയ ചിത്രങ്ങൾക്ക് വേണ്ടി അനിരുദ്ധിനെ സമീപിക്കുന്നത്. എന്നാൽ, ഏറ്റെടുത്ത നിരവധി ചിത്രങ്ങൾ അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാനുണ്ട്. അതിനാൽ, വളരെ സെലക്‌ടീവായാണ് അനിരുദ്ധ് ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്.

നാനി നായകനാകുന്ന ശ്രീകാന്ത് ഒഡെല സംവിധാനം ചെയ്യുന്ന 'ദി പാരഡൈസ്' എന്ന ചിത്രത്തിന് ഏകദേശം 12 കോടി രൂപയാണ് അനിരുദ്ധ് വാങ്ങുന്ന പ്രതിഫലം. ഇനി കരാർ ചെയ്യാൻ പോകുന്ന തെലുങ്ക് ചിത്രങ്ങളിലെല്ലാം 15 കോടി രൂപ അനിരുദ്ധ് പ്രതിഫലം വാങ്ങും എന്നാണ് വിവരം. ഇതോടെ നിലവിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകരുടെ പട്ടികയിൽ അനിരുദ്ധും ഇടംനേടും. എന്നാൽ, ഈ പ്രതിഫല വർദ്ധനവിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ദളപതി വിജയ്‌യുടെ അവസാന ചിത്രം എന്ന് വിശേഷിപ്പിക്കുന്ന 'ജന നായക'നിലും അനിരുദ്ധ് ആണ് സംഗീത സംവിധാനം. 'ദി പാരഡൈസ്', 'കൂലി' എന്നിവയ്ക്ക് പുറമേ, വിജയ് ദേവരകൊണ്ട നായകനാകുന്ന 'കിംഗ്ഡം' എന്ന ചിത്രത്തിലും അനിരുദ്ധാണ് പാട്ടൊരുക്കുന്നത്. ശിവകാർത്തികേയന്റെ 'മദരാസി', രജനീകാന്ത് നായകനാകുന്ന 'ജയിലർ 2' എന്നിവയ്ക്കും അനിരുദ്ധാണ് സംഗീതം നൽകുന്നത്.