വർണ വിവേചനത്തിനെതിരെ ധീര നിലപാടെടുത്ത പ്രശസ്ത; മോഡൽ സാൻ റേച്ചൽ മരിച്ചനിലയിൽ

Monday 14 July 2025 11:08 AM IST

ചെന്നെെ: പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചലിനെ (26) പുതുച്ചേരിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അടുത്തിടെയാണ് സാൻ റേച്ചൽ വിവാഹിതയായത്. നിറത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരെ ധീരമായ നിലപാട് സ്വീകരിച്ച് ശ്രദ്ധ നേടിയ മോഡലാണ്. പിതാവിന്റെ വീട്ടിലെത്തിയ ശേഷം സാൻ ധാരാളം ഗുളികൾ കഴിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നതായാണ് റിപ്പോർട്ട്.

സാമ്പത്തിക ബാദ്ധ്യതയും വ്യക്തിപരമായ സമ്മർദ്ദവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. തന്റെ ആവശ്യങ്ങൾക്ക് പണം കണ്ടെത്താൻ സാൻ അടുത്തിടെ ആഭരണങ്ങൾ പണയം വയ്ക്കുകയും വിൽക്കുകയും ചെയ്തിരുന്നു. പിതാവിൽ നിന്നും സാമ്പത്തിക സഹായം പ്രതീക്ഷിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ അദ്ദേഹം സഹായിക്കാൻ തയ്യാറായില്ല. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് എഴുതിയ ആത്മഹത്യ കുറിപ്പും പൊലീസ് സ്ഥലത്ത് നിന്ന് കണ്ടെത്തി. ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. 2022ൽ മിസ് പുതുച്ചേരി കിരീടം സാൻ സ്വന്തമാക്കിയിരുന്നു.