പ്രശസ്ത നടി ബി സരോജ ദേവി അന്തരിച്ചു; വേഷമിട്ടത് ഇരുന്നൂറിലധികം ചിത്രങ്ങളിൽ

Monday 14 July 2025 11:13 AM IST

ബംഗളൂരു: പ്രശസ്ത നടി ബി. സരോജ ദേവി (87) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിലെ മല്ലേശ്വരത്തുള്ള വസതിയിൽവച്ചായിരുന്നു അന്ത്യം. ഏഴ് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ തമിഴ്, തെലുങ്ക്, ഹിന്ദി, സിംഹള, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി 200ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

1938 ജനുവരി ഏഴിന് ജനിച്ച സരോജ ദേവി 'അഭിനയ സരസ്വതി' (അഭിനയ ദേവത) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 'മഹാകവി കാളിദാസ' എന്ന കന്നഡ ചിത്രത്തിലൂടെയാണ് അവർ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.

കിറ്റൂർ ചെന്നമ്മ, അന്ന തമ്മ, ഭക്ത കനകദാസ, ബാലെ ബംഗാര, നാഗകന്നികെ എന്നിവയുൾപ്പടെ നിരവധി ക്ലാസിക് കന്നഡ ചിത്രങ്ങളിലൂടെ ജനപ്രീതി നേടി. 'നാടോടി മന്നൻ', 'കർപ്പൂര കരസി', 'പാണ്ഡുരംഗ മഹത്യം', 'തീരുമാനം' തുടങ്ങിയ ഹിറ്റുകളിലൂടെ അവർ ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന താരമായി.

ബി സരോജ ദേവിയെ തേടി നിരവധി പുരസ്‌കാരങ്ങളുമെത്തി. 1969ൽ പത്മശ്രീയും 1992ൽ പത്മഭൂഷണും നൽകി രാജ്യം അവരെ ആദരിച്ചു. കൂടാതെ ബംഗളൂരു സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡും ലഭിച്ചു.