കഞ്ചാവ് വാങ്ങാനെത്തിയത് നാലു വയസുള്ള കുട്ടിയുമായി, പിടിയിലായത് ദമ്പതികൾ ഉൾപ്പെടെ 14 പേർ
ഹൈദരാബാദ്: കഞ്ചാവ് വാങ്ങാനെത്തിയ ദമ്പതികൾ ഉൾപ്പെടെ 14 പേരെ ആന്റി നർക്കോട്ടിക്സ് സംഘം പിടികൂടി. ഹൈദരബാദിലെ ഐടി ഹബ്ബായ ഗച്ചിബൗളിയിൽ ശനിയാഴ്ച നടന്ന ഒരു ഓപ്പറേഷനിലാണ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്. നാലു വയസുള്ള കുഞ്ഞിനൊപ്പം ദമ്പതിമാർ കഞ്ചാവ് വാങ്ങാനെത്തിയത് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു.
ഗച്ചിബൗളിയിലെ ഒരു സ്വകാര്യ ബാങ്കിനു സമീപം മഹാരാഷ്ട്രയിൽ നിന്നുള്ള സന്ദീപ് എന്നയാൾ പതിവായി കഞ്ചാവ് വിൽക്കുന്നുണ്ടെന്നുള്ള വ്യക്തമായ വിവരം ലഭിച്ചിരുന്നു. മഹാരാഷ്ട്രയിൽ നിന്ന് വാങ്ങിയ അഞ്ച് കിലോഗ്രാം കഞ്ചാവുമായാണ് ഇയാൾ പിടിക്കപ്പെട്ടത്.
50 ഗ്രാം വീതമുള്ള ചെറിയ പാക്കറ്റുകളാക്കി 3,000 രൂപയ്ക്ക് സന്ദീപ് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുകയായിരുന്നു. ഈഗിൾ എന്ന് പേരിട്ടിരിക്കുന്ന എലൈറ്റ് ആക്ഷൻ ഗ്രൂപ്പ് ഫോർ ഡ്രഗ് ലോ എൻഫോഴ്‌സ്‌മെന്റാണ് സന്ദീപ് ഉൾപ്പെടെയുള്ളവരെ പിടികൂടിയത്. സ്ഥിരമായി വാങ്ങുന്ന നൂറിലധികം പേരുടെ ഒരു ഡാറ്റാബേസും ഇയാൾ സൂക്ഷിച്ചിരുന്നു. പുതിയ സ്റ്റോക്കെത്തിയിട്ടുണ്ടെന്ന് വാങ്ങുന്നവരെ അറിയിക്കാൻ കോഡ് ഭാഷയിലുള്ള വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ വഴിയാണ് ആശയവിനിമയം നടത്തിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.
രണ്ട് മണിക്കൂറിനുള്ളിൽ കഞ്ചാവ് വാങ്ങാൻ ശ്രമിച്ച 14 പേരെയാണ് സംഘം പിടികൂടിയത്. പിടിക്കപ്പെട്ടവരിൽ ഒരു ഓൺലൈൻ വ്യാപാരി, ആർക്കിടെക്റ്റ്, റിയൽ എസ്റ്റേറ്റ് സെയിൽസ് എക്സിക്യൂട്ടീവ്, ഒരു ഐടി ജീവനക്കാരൻ, വിദ്യാർത്ഥികൾ എന്നിവരും ഉൾപ്പെടുന്നു. ഇവർ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സംഭവസ്ഥലത്ത് വച്ചു തന്നെ പരിശോധനയ്ക്ക് വിധേയരാക്കി. പരിശോധനയിൽ 14 പേരും പോസിറ്റീവ് ആണെന്ന് കണ്ടെത്തി. തുടർപരിശോധനകൾക്കായി ഡി അഡിക്ഷൻ സെന്ററിലേക്ക് ഇവരെ മാറ്റുകയായിരുന്നു. അതിൽ അമ്മയെയും കുഞ്ഞിനെയും വിട്ടയച്ചു.
സന്ദീപിന്റെ വിതരണ ശൃംഖല കണ്ടെത്തുന്നതിനായി വാട്ട്‌സ്ആപ്പ് ലോഗുകൾ, ഫോൺ നമ്പറുകൾ, ഉപഭോക്താക്കളുടെ ഫോണുകളിൽ നിന്ന് പിടിച്ചെടുത്ത മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവ ഉദ്യോഗസ്ഥർ വിശകലനം ചെയ്യുകയാണ്. തുടർനടപടികൾ ആരംഭിക്കുന്നതിന് മുമ്പ് ഡാറ്റാബേസിലെ അവശേഷിക്കുന്ന 86പേരും സ്വമേധയാ ലഹരിയിൽ നിന്ന് പിൻവാങ്ങണമെന്ന് ഉദ്യോഗസ്ഥർ അഭ്യർത്ഥിക്കുന്നത്. ഐടി ഹബ്ബായ ഗച്ചിബൗളിയിയെ മയക്കുമരുന്ന് പിടിയിൽ നിന്ന് ശുദ്ധീകരിക്കാൻ തുടർച്ചയായ നിരീക്ഷണവും പ്രവർത്തനങ്ങളും പദ്ധതിയിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.