'മോഹൻലാലിനെ എടാ എന്ന് വിളിക്കാവുന്ന നിലയിലെത്തി'; നടനെക്കുറിച്ച് ഇർഷാദ് അലി
നായക നടനായും സ്വഭാവ നടനായും മലയാള സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച നടനാണ് ഇർഷാദ് അലി. അടുത്തിടെ പുറത്തിറങ്ങിയ 'തുടരും' എന്ന സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രത്തിലും ഇർഷാദ് ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ഇപ്പോഴിതാ തുടരും സിനിമയെക്കുറിച്ചും മോഹൻലാലിനെക്കുറിച്ചും ഇർഷാദ് ഒരു അഭിമുഖത്തിൽ പങ്കുവച്ച കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തുടരും സിനിമയിൽ ഷാജി എന്ന കഥാപാത്രത്തെയാണ് ഇർഷാദ് അവതരിപ്പിച്ചത്.
'കരിയറിലെ വലിയ ഭാഗ്യമായിട്ടാണ് 'തുടരും' സിനിമയെ കാണുന്നത്. സിനിമയിൽ അത്ര വലിയ കഥാപാത്രമൊന്നുമായിരുന്നില്ല. പക്ഷേ ലാലേട്ടനെ 'എടാ' എന്ന് വിളിക്കാവുന്ന നിലയിലേയ്ക്ക് ഞാൻ മാറി എന്നതാണ് ആ സിനിമയുടെ സന്തോഷം. മുൻപ് സുഹൃത്തായും വഞ്ചകനായുമൊക്കെ അദ്ദേഹത്തിനൊപ്പം അഭിനയിച്ചിരുന്നു. മകനായും അഭിനയിച്ചു. എന്നാൽ അതിനെക്കാളൊക്കെ ഷാജി സന്തോഷം നൽകുന്നു.
ഷാജി ചെറിയ കഥാപാത്രമാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ തരുൺ എപ്പോഴും പറയും നിങ്ങൾ ലാലേട്ടനോടൊപ്പം നിൽക്കുന്ന സീൻ ഒക്കെ നല്ല രസമുണ്ട് എന്ന്. അത് ഭയങ്കര സന്തോഷം നൽകി. ലാലേട്ടന്റെ രണ്ട് വലിയ ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചു. അതെല്ലാം ജീവിതത്തിലെ വലിയ ഭാഗ്യമായാണ് കാണുന്നത്'- ഇർഷാദ് അലി പറഞ്ഞു.
മോഹൻലാൽ- തരുൺമൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാമിലി ത്രില്ലർ ചിത്രം ബോക്സ്ഓഫീസ് റെക്കാഡുകൾ തകർത്തിരുന്നു. ആഗോളതലത്തിൽ 300ൽ അധികം കോടിയാണ് തുടരും നേടിയത്. കേരളത്തിൽ നിന്ന് 100 കോടി കളക്ഷനും നേടിയിരുന്നു.