'ജാനകി വി v/s സ്റ്റേറ്റ് ഒഫ് കേരള' ട്രെയിലർ ഇന്നെത്തും, വിവരം പങ്കുവച്ച് സുരേഷ് ഗോപി

Monday 14 July 2025 12:56 PM IST

വി​വാ​ദ​ങ്ങ​ൾ​ക്കും​ നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്കും​ ഒടുവിൽ​ 'ജാനകി. വി v/s സ്റ്റേറ്റ് ഒഫ് കേരള' ജൂ​ലാ​യ് 1​7​ന് ​റി​ലീ​സ് ചെ​യ്യുകയാണ്. യു​/​എ​ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ ഇന്ന് പുറത്തുവരുമെന്ന് അറിയിച്ചിരിക്കുകയാണ് നായകൻ സുരേഷ് ഗോപി. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് ജെഎസ്‌കെയുടെ ട്രെയിലർ എത്തുന്നത്.

സിനിമയ്ക്ക് എട്ട് മാറ്റങ്ങളോടെ സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയിരുന്നു. റീ എഡിറ്റ് ചെയ്ത പതിപ്പാണ് സെൻസർ ബോർഡ് അംഗീകരിച്ചത്. സിനിമയുടെ പേരും കോടതി രംഗങ്ങളും എഡിറ്റ് ചെയ്തിട്ടുണ്ട്. 'ജാനകി v/s സ്റ്റേറ്റ് ഒഫ് കേരള' എന്നായിരുന്നു സിനിമയുടെ ആദ്യ ടൈറ്റിൽ. ഇതിന്റെ പേരിൽ കേന്ദ്ര സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതോടെ സിനിമയുടെ പേരും രണ്ടു കോടതി രംഗങ്ങളും മാറ്റം വരുത്താൻ നിർമ്മാതാക്കൾ സമ്മതിച്ചിരുന്നു. ഇതിനെ തുടർന്നാണ് എഡിറ്റ് ചെയ്ത പുതിയ സിനിമ സെൻസർ ബോർഡിന് മുന്നിൽ എത്തിച്ചത്. ക്രോസ് വിസ്താര സീനുകളിൽ ഈ പേര് പറയുന്നിടം നിശബ്ദമാക്കും. ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ കേന്ദ്ര സെൻസർ ബോർഡ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ നിർമ്മാതാക്കളായ കോസ്മോസ് എന്റർടെയ്ൻമെന്റ് അംഗീകരിച്ചിരുന്നു.

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ജെഎസ്‌കെ. ഏറെ നാളുകൾക്കുശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ജെഎസ്‌കെ.

സുരേഷ് ഗോപിയും മകൻ മാധവ് സുരേഷും ആദ്യമായി ഒരുമിക്കുന്ന ചിത്രംകൂടിയാണിത്. അസ്കർ അലി, ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ, ജോയ് മാത്യു, ബൈജു സന്തോഷ്, യദുകൃഷ്ണ, ജയൻ ചേർത്തല, ഷഫീർ ഖാൻ, രജത്ത് മേനോൻ, നിസ്താർ സേട്ട്, ഷോബി തിലകൻ, ബാലാജി ശർമ്മ, ജയ് വിഷ്ണു, മേധ പല്ലവി, പ്രശാന്ത് മാധവ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.