അന്താരാഷ്ട്ര നാടകോത്സവം: അഭിലാഷ് പിള്ള ഫെസ്റ്റിവൽ ഡയറക്ടർ

Tuesday 15 July 2025 12:25 AM IST

തൃശൂർ: 2026 ജനുവരി അവസാനവാരം തൃശൂരിൽ നടക്കുന്ന പതിനാറാം അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഫെസ്റ്റിവൽ ഡയറക്ടറായി പ്രമുഖ സംവിധായകനും നാടകാദ്ധ്യാപകനുമായ അഭിലാഷ് പിള്ളയെ തെരഞ്ഞെടുത്തു. 2009, 2010, 2017 എന്നീ വർഷങ്ങളിൽ ഇറ്റ്ഫോക്കിന്റെ ഫെസ്റ്റിവൽ ഡയറക്ടറായി പ്രവർത്തിച്ച അദ്ദേഹം ഇന്ത്യക്കകത്തും പുറത്തുമായി നിരവധി ഫെസ്റ്റിവലുകളിൽ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. തൃശൂർ സ്‌കൂൾ ഒഫ് ഡ്രാമയിൽ നിന്ന് നാടകപഠനത്തിൽ ബിരുദവും ഡൽഹിയിലെ നാഷണൽ സ്‌കൂൾ ഒഫ് ഡ്രാമയിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയതിനു ശേഷം ലണ്ടനിലെ റോയൽ അക്കാഡമി ഒഫ് ഡ്രമാറ്റിക് ആർട്‌സിൽ നിന്ന് നാടകകലയിൽ ഉന്നതപഠനം നടത്തി. കൂടാതെ ലണ്ടനിലെ പ്രശസ്തമായ ഓറഞ്ച് ട്രീ തിയേറ്ററിലെ പ്രഗത്ഭരായ സംവിധായകരിൽ നിന്ന് പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്. അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി അറിയിച്ചു.