എല്ലാ ട്രെയിനുകളിലും സി.സി ടിവി ക്യാമറ
ഇന്ത്യ എന്ന ദേശത്തിന്റെ നാഡീഞരമ്പുകൾ പോലെ വിന്യസിക്കപ്പെട്ടതാണ് റെയിൽവേ ലൈനുകൾ. സദുദ്ദേശ്യമല്ലായിരുന്നെങ്കിലും ബ്രിട്ടീഷ് ഭരണത്തിന്റെ ഏറ്റവും വലിയ സംഭാവനകളിൽ ഒന്നുതന്നെയാണ് ഇന്ത്യയുടെ പ്രധാനപ്പെട്ട പട്ടണങ്ങളെയും സ്ഥലങ്ങളെയും തുറമുഖങ്ങളെയുമെല്ലാം ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനുകൾ. തടിയും തേയിലയും മറ്റ് സുഗന്ധദ്രവ്യങ്ങളുമൊക്കെ കൊണ്ടുപോകാനുള്ള സൗകര്യത്തിനാണ് റെയിൽവേ സംവിധാനം തുടങ്ങിയതെങ്കിലും ഇന്ത്യൻ റെയിൽവേ ഇന്ന് ലക്ഷക്കണക്കിനു യാത്രക്കാർക്ക് ദിവസേന പ്രയോജനം ചെയ്യുന്ന, ലോകത്തെ തന്നെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമാണ്. അത്യാവശ്യം നല്ല ലഗേജുമായി ദീർഘദൂരങ്ങളിൽ താരതമ്യേന ചെറിയ ചെലവിന് യാത്രചെയ്യാം എന്നതാണ് ട്രെയിനുകളുടെ ഏറ്റവും വലിയ പ്രത്യേകത.
സമയനിഷ്ഠ പാലിക്കാറില്ല എന്നതായിരുന്നു റെയിൽവേയെക്കുറിച്ചുള്ള പഴയ പരാതി. ഇന്നത് ഏറെക്കുറെ പരിഹരിക്കപ്പെട്ടിട്ടുണ്ട്. ബുക്ക് ചെയ്‌താൽ സീറ്റ് കിട്ടുന്നില്ല എന്നാണ് ഇപ്പോൾ പരാതി. ട്രെയിനുകളുടെ രൂപഭാവങ്ങളും സൗകര്യങ്ങളുമൊക്കെ ഇനിയും ഒട്ടേറെ മാറാനുണ്ട്. വന്ദേഭാരതിന്റെയും മറ്റും വരവോടെ വേഗതയ്ക്കും സുഖസൗകര്യത്തിനും തുല്യ പ്രാധാന്യം വേണമെന്നത് ഇന്ന് ഇന്ത്യൻ റെയിൽവേ പൂർണമായും അംഗീകരിച്ചിരിക്കുന്ന തത്വമാണ്. പതുക്കെയാണെങ്കിലും ഇന്ത്യൻ റെയിൽവേയും മാറിവരികയാണ്. യാത്രാസുരക്ഷ സംബന്ധിച്ച യാത്രക്കാരുടെയും ബന്ധുക്കളുടെയും ആശങ്കയ്ക്ക് റെയിൽവേയോളം തന്നെ പഴക്കമുണ്ട്. സുരക്ഷാ ക്രമീകരണങ്ങളൊക്കെ വളരെ കൂടിയിട്ടുണ്ടെങ്കിലും യാത്രക്കാർ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയുമൊക്കെ ചെയ്യുന്ന സംഭവങ്ങൾ പൂർണമായും അവസാനിച്ചിട്ടുണ്ടെന്ന് പറയാനാകില്ല.
ട്രെയിനുമായി ബന്ധപ്പെട്ട ചില സംഭവങ്ങൾ ഇന്ത്യയിൽ വലിയ രാഷ്ട്രീയ കോളിളക്കങ്ങൾക്കും കലാപങ്ങൾക്കും വരെ ഇടയാക്കിയിട്ടുണ്ട്. വിഭജനകാലത്ത് ശവശരീരങ്ങൾ നിറച്ച് പാകിസ്ഥാനിൽ നിന്ന് വന്ന ട്രെയിനിന്റെയും, ഗോദ്രയിലെ കത്തിക്കരിഞ്ഞ കമ്പാർട്ടുമെന്റുകളുടെയുമൊന്നും ചിത്രങ്ങൾ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് മായ്‌ച്ചുകളയാനാവുന്നതല്ല. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ ഒരു ഗുഡ്സ് ട്രെയിനിന് തീപിടിച്ച് അപകടമുണ്ടായി. തിരുവള്ളൂരിനടുത്ത് പെട്രോളും ഡീസലുമായി പോയ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയാണ് പൊട്ടിത്തെറിച്ച് തീപിടിച്ചത്. 18 വാഗണുകൾ കത്തിനശിച്ചു. ഭാഗ്യവശാൽ ആളപായം ഉണ്ടായില്ല. അപകടം നടന്ന സ്ഥലത്തിന് അധികം അകലെയല്ലാതെ വിള്ളൽ കണ്ടെത്തിയത് ഈ അപകടം ഒരു അട്ടിമറിയാണോ എന്ന സംശയത്തിനു പോലും ഇടയാക്കിയിരിക്കുകയാണ്. ഇത്തരം സംശയങ്ങൾ നീക്കാൻ ഇപ്പോൾ എല്ലാ അന്വേഷണ ഏജൻസികളും ആശ്രയിക്കുന്നത് സി.സി ടിവി ക്യാമറകളെയാണ്.
പല മോഷണങ്ങളും ആക്രമണങ്ങളും തടയാൻ ക്യാമറകൾ ഇടയാക്കുന്നുണ്ട് എന്നതാണ് വാസ്തവം. അതിനാൽ രാജ്യത്തെ എല്ലാ ട്രെയിനുകളിലും സി.സി ടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള തീരുമാനം അഭിനന്ദനാർഹവും ആശ്വാസകരവുമാണ്. ഓരോ കോച്ചിലും നാല് ക്യാമറ വീതവും എൻജിനുകളിൽ ആറ് ക്യാമറ വീതവും സ്ഥാപിക്കും. സ്വകാര്യതയ്ക്കു വേണ്ടി വാതിലുകൾക്കു സമീപം പൊതുവായ ഇടത്താണ് ഇവ സ്ഥാപിക്കുക. റെയിൽവേ പാളവും ഇരുവശവും കാണാവുന്ന തരത്തിൽ എൻജിന്റെ മുന്നിലും വശങ്ങളിലും ക്യാമറ സ്ഥാപിക്കും. ട്രെയിനിനു നേരെ കല്ലേറുണ്ടാകുന്ന സംഭവങ്ങളിലെ അക്രമികൾ ഇനി ചിത്രം സഹിതം പിടിയിലാവും. ക്യാമറകൾ ഉണ്ടായിരുന്നെങ്കിൽ തമിഴ്‌നാട്ടിലെ ഗുഡ്‌സ് ട്രെയിൻ തീപിടിത്തത്തിന്റെ കാരണങ്ങളിലേക്ക് വെളിച്ചം വീശുന്ന സൂചനകൾ ലഭ്യമാകുമായിരുന്നു. രാജ്യത്തെ 15,000 ട്രെയിൻ എൻജിനുകളിലും 74,000 കോച്ചുകളിലുമാണ് ഇനി ക്യാമറകൾ വരിക. പുതിയ പരിഷ്‌കാര നടപടികളുമായി റെയിൽവേയെ മുന്നോട്ടു നയിക്കുന്ന കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് ജനങ്ങളുടെ എല്ലാ പിന്തുണയും അർഹിക്കുന്നു.