നാളികേരത്തിന്റെ നാട്ടിൽ തേങ്ങ കിട്ടാനില്ല

Tuesday 15 July 2025 3:35 AM IST

നാളികേരത്തിന്റെ നാട്ടിൽ നാല് തേങ്ങ കിട്ടണമെങ്കിൽ തമിഴ്‌നാട്ടിൽ നിന്ന് പാണ്ടിലോറിയിൽ വരണം എന്നതാണ് നിലവിലെ സാഹചര്യം. നല്ല മുഴുപ്പുള്ള ഒരു തേങ്ങയുടെ വില അമ്പതുരൂപയായി. ആ വിലകൊടുത്ത് വാങ്ങിക്കൊണ്ടുവന്ന് മുറിച്ചുനോക്കുമ്പോൾ ചിലതൊക്കെ അഴുകിയതായിരിക്കും. പരാതി പറയുന്ന ഉപഭോക്താവിന്റെയടുത്ത് കടക്കാരൻ പറയുന്നത്, 'തമിഴ്‌നാട്ടിൽ നിന്ന് വരുന്നതാ, നമുക്ക് തുരന്നു നോക്കാൻ പറ്റുമോ" എന്ന ഉത്തരമാണ്. സാമ്പത്തിക ശാസ്ത്രത്തിന്റെ തത്വമനുസരിച്ച് ഡിമാന്റ് കൂടുമ്പോൾ ഉത്പാദനവും കൂടണം. എന്നാൽ തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില കുതിച്ചുയരുമ്പോൾ കേരളത്തിൽ നാളികേര ഉത്‌പാദനം തലകുത്തി താഴോട്ടാണ് കൂപ്പുകുത്തുന്നത്. വെളിച്ചെണ്ണ വിലയാകട്ടെ ഓണക്കാലത്ത് അഞ്ഞൂറ് കടക്കുമെന്നാണ് കരുതപ്പെടുന്നത്.

പഴയ കാലത്ത് മലയാളിയുടെ ഏറ്റവും വലിയ ആദായങ്ങളിലൊന്നായിരുന്നു തേങ്ങാ വിൽപ്പന. പല വീടുകളിലും അത്യാവശ്യത്തിന് തേങ്ങാക്കച്ചവടക്കാരന്റെ കൈയിൽ നിന്നാണ് അഡ്വാൻസ് തുക കൈപ്പറ്റി വീട്ടുകാര്യങ്ങളും അപ്രതീക്ഷിത ചെലവുമൊക്കെ നേരിട്ടിരുന്നത്. അന്നൊക്കെ വർഷത്തിൽ രണ്ടുതവണയെങ്കിലും തെങ്ങിന് തടമെടുക്കുകയും വളമിടുകയും ചെയ്യുമായിരുന്നു. ഇപ്പോൾ വലിയ പുരയിടങ്ങളുള്ള വീടുകളുടെ എണ്ണം കുറഞ്ഞു. കൂലി കൂടിയപ്പോൾ തേങ്ങയുടെ വില വളരെ കുറവായതിനാൽ തടമെടുപ്പും വളമിടീലുമൊക്കെ ഏതാണ്ട് പൂർണമായും ഇല്ലാതായി. നഗരങ്ങളിൽ ഒരു തെങ്ങിൽ കയറുന്നതിന് നൂറു രൂപയാണ് ഫീസ്. അത്രയും രൂപയ്ക്കുള്ള തേങ്ങ ചിലപ്പോൾ കിട്ടണമെന്നില്ല. തെങ്ങിൽ കയറാനും ബംഗാളിയെ വേണം വിളിക്കാൻ.

മറ്റു വൃക്ഷങ്ങൾ പിടിക്കാൻ കൂട്ടാക്കാത്ത,​ കടലിനോടു ചേർന്ന തീരപ്രദേശങ്ങളിലും കേരളത്തിൽ തെങ്ങുകൾ സുലഭമായി വളർന്നിരുന്നു. ഇന്ന് ഇതെല്ലാം ചുരുങ്ങി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. സാമൂഹ്യ, സാമ്പത്തിക കാരണങ്ങൾ കൂടാതെ ചെല്ലിശല്യം, കാറ്റുവീഴ്ച തുടങ്ങിയവയാലും തെങ്ങുകൃഷിക്ക് ആരും താത്‌പര്യം കാട്ടാതായി. അതേസമയം കേരളത്തിൽ കുറഞ്ഞ തെങ്ങ് കൃഷി,​ കേരളവുമായി ചേർന്നതും തെങ്ങുകൃഷിക്ക് അനുയോജ്യമായ മണ്ണുള്ള സ്ഥലങ്ങൾ ഉള്ളയിടത്തും തമിഴ്‌നാട്ടിൽ കൂടിവന്നു. കേരളത്തിൽ വിൽക്കുന്ന തേങ്ങയ്ക്കു പുറമെ അതിനേക്കാൾ വിലയുള്ള കരിക്കും അവിടെ നിന്നാണ് ഭൂരിപക്ഷവും വരുന്നത്. തേങ്ങ വില ഇങ്ങനെ ഉയരുകയും വെളിച്ചെണ്ണ വില റോക്കറ്റുപോലെ കുതിച്ചുയരുകയും ചെയ്താൽ സാധാരണക്കാരായ മലയാളികളുടെ കുടുംബ ബഡ്ജറ്റ് തകിടം മറിയും. തേങ്ങയുടെ വില പിടിച്ചുനിറുത്താൻ ഇറക്കുമതി ഉൾപ്പെടെയുള്ള സാദ്ധ്യതകൾ തേടാൻ കേരഫെഡ് ഉൾപ്പെടെ കൃഷിവകുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ശ്രമിക്കേണ്ടതാണ്.

കഴിഞ്ഞ വർഷം ജൂലായിൽ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 180 രൂപയും തേങ്ങയ്ക്ക് 32 രൂപയുമായിരുന്നു. ഇപ്പോൾ വെളിച്ചെണ്ണ വില 430 - 470 രൂപയും,​ തേങ്ങയ്ക്ക് 78 - 85 രൂപയുമായി. മലയാളികളുടെ കറികൾക്ക് നിത്യേന ഉപയോഗിക്കുന്നവയാണ് ഇവ രണ്ടും. ഇവയുടെ വിലക്കയറ്റത്തിന്റെ പൊള്ളൽ അനുഭവിക്കേണ്ടിവരുന്ന കേരളത്തിൽ തെങ്ങുകൃഷിക്കായി കോടികളുടെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ മേൽനോട്ടത്തിൽ നാളികേര ഗവേഷണ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇവിടെയൊക്കെ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ലക്ഷങ്ങളാണ് ശമ്പളം. ഇതൊക്കെക്കൊണ്ട് കേരകർഷകർക്ക് എന്ത് പ്രയോജനമുണ്ടായി എന്നതിനെക്കുറിച്ചും ഒരു ഗവേഷണം ആവശ്യമാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില നിയന്ത്രിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. കൃഷിവകുപ്പും സിവിൽ സപ്ളൈസ് വകുപ്പും ഇതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം. വെളിച്ചെണ്ണയ്ക്ക് വലിയ വിലയായതിനാൽ മായം ചേർന്ന വെളിച്ചെണ്ണ വിപണിയിലെത്താനും സാദ്ധ്യതയുണ്ട്. ഇതിനെതിരെയും അധികൃതർ ജാഗ്രത പുലർത്തണം.