പുല്ലുവഴിയെ കണ്ടുപഠിക്കണം

Tuesday 15 July 2025 4:16 AM IST

സമരവും പണിമുടക്കും ബന്ദുമൊക്കെ ആവേശമായി കൊണ്ടുനടക്കുന്നവർ എല്ലാ രാഷ്ട്രീയ കക്ഷികളിലുമുണ്ട്. ഫണ്ടുപിരിവിനു മാത്രമായി അദ്ധ്യാപകരെയും ജീവനക്കാരെയും സമീപിച്ച് വിരസ പ്രസംഗങ്ങൾ നടത്തുന്ന സംഘടനാ പ്രവർത്തകർക്ക് ഇടയ്ക്കൊരു സമര നാടകം അനിവാര്യമായി വരും. സൗമ്യനും സഹൃദയനും സാത്വികനുമായ ഒരു പ്രൈമറി അദ്ധ്യാപകനെ അറിയാം. എല്ലാ പ്രവർത്തനങ്ങളിലും സമർത്ഥനും കുലീനനുമാണ് അയാൾ. സമരം ആവേശിച്ചാൽപ്പിന്നെ കൊടുങ്ങല്ലൂർ ഭരണിക്കു പോകുന്ന കോമരത്തിന്റെ മട്ടാണ്. ചെമ്പട്ടുടുത്തില്ലെങ്കിലും ഉറഞ്ഞുതുള്ളും. പള്ളിവാളോ അരിവാൾ ചുറ്റികയോ ഏന്തിയില്ലെങ്കിലും എന്തും ചെയ്യും. എന്തും വിളിച്ചുപറയും!

ഒരിക്കൽ സഹപ്രവർത്തകരെയും മേലധികാരികളെയും ചാണക വെള്ളത്തിൽ അദ്ദേഹം അഭിഷേകം ചെയ്തത് വാർത്തയായി; കേസായി. കുറെക്കാലം കോടതി വരാന്ത കയറിയിറങ്ങാനും യോഗമുണ്ടായി. ഭയമാണ് മനുഷ്യനെ ഭരിക്കുന്ന മുഖ്യവികാരം. അത് നന്നായി ചൂഷണം ചെയ്യാനാണ് പണിമുടക്ക്, ബന്ദ്, ഹർത്താൽ ഇത്യാദി കലാപരിപാടികൾകൊണ്ട് ശ്രമിക്കുന്നത്. അന്നന്നത്തെ ഉപജീവനത്തിന് മീൻകച്ചവടം ചെയ്യുന്ന പാവത്തെ മണ്ണെണ്ണ ഒഴിച്ച് നേരിടും എന്ന് ഭീഷണിപ്പെടുത്തുന്ന നേതാവ് ഏതു കക്ഷിയുടേതാണെങ്കിലും ഭീരുവായിരിക്കും. അയാൾ പാർട്ടിക്ക് ബാദ്ധ്യതയാവും.

ഓരോ ബന്ദും വിജയിക്കുന്നതോടെ അത് ആഘോഷപൂർവം നടത്തിയ കക്ഷി അടുത്ത തിരഞ്ഞെടുപ്പിൽ തോറ്റു തുന്നംപാടാനുള്ള വഴിവെട്ടുകയാണ് ചെയ്യുന്നത്. ബന്ദ് ദുരിതം അനുഭവിച്ച പാർട്ടിക്കാർ പോലും ചിഹ്നം മാറിക്കുത്തി വോട്ടെടുപ്പിൽ പകരംവീട്ടിയെന്നുവരും. വടക്കേ ഇന്ത്യയിൽ കർഷകർ നടത്തിയ മഹാസമരത്തിന്റെ പതിനായിരത്തിലൊന്നു പോലും കേരളത്തിലെ ഒരു പണിമുടക്കിന് പങ്കാളിത്തമില്ല. ജനജീവിതത്തെ ഒരു തരത്തിലും ക്ളേശിപ്പിക്കാത്ത,​ പതിനായിരങ്ങൾ പങ്കെടുത്ത, മാസങ്ങൾ നീണ്ടുനിന്ന ആ സമരത്തിന്റെ പ്രതിഷേധ സംസ്കാരം നമ്മുടെ നേതാക്കളും അണികളും കണ്ടുപഠിക്കേണ്ടതാണ്. പിരിവ്, ഭീഷണി, തല്ലിപ്പൊളിക്കൽ, കല്ലേറ്, ടയറിന്റെ കാറ്റഴിച്ചുവിടൽ തുടങ്ങിയവയാണ് പണിമുടക്കിന് ഇറങ്ങുന്നവരുടെ മാരകായുധങ്ങൾ. കടകളടപ്പിച്ചും വാഹനങ്ങൾ തടഞ്ഞും ജനങ്ങളെ ദുരിതക്കയത്തിലേക്കു തള്ളുന്നവർ തങ്ങളുടെ വോട്ടുബാങ്കുകളെക്കൂടി കൊള്ളയടിക്കുകയാണെന്ന് ഓർക്കുന്നത് നന്ന്.

മദ്ധ്യകേരളത്തിൽ 'കമ്മ്യൂണിസം" നട്ടുവളർത്തിയ പുല്ലുവഴിയെ ഇക്കാര്യത്തിൽ കണ്ടുപഠിക്കണം. പി.കെ. വാസുദേവൻനായരും പി. ഗോവിന്ദപ്പിള്ളയും എം.പി. നാരായണപിള്ളയും കാലടി ഗോപിയുമൊക്കെ വിരാജിച്ച ദേശം. കമ്മ്യൂണിസ്റ്റുകാർ വിതച്ച് പിൻമുറക്കാർ വിളവെടുത്ത 'ജയകേരളം" സ്‌കൂൾ തലയുയർത്തിനില്ക്കുന്ന ഗ്രാമം. എം.പി. നാരായണപിള്ളക്കഥകളുടെ മാന്ത്രികഭൂമി. സ്വന്തമായി ജ്യോതിഷ മാസിക നടത്തിയ പുല്ലുവഴി ആശാൻ മുതൽ കാലടി ഗോപി വരെയുള്ളവർക്ക് അരങ്ങായ നാട്. ഏതു വിപ്ളവപാർട്ടിയുടെ അഖില ലോക പണിമുടക്കായാലും പുല്ലുവഴിക്കാർ കട തുറക്കും. സംസ്ഥാന പാതയോരത്തെ കള്ളുഷാപ്പ് മുതൽ പായസക്കടകൾ വരെ കച്ചവടം പൊടിപൊടിക്കും!

പണ്ട് ഞങ്ങളുടെ പായിപ്രയിൽ ഒരു കള്ളൻ പപ്പനുണ്ടായിരുന്നു. അയാൾക്ക് മോഷണം ഉപജീവനമാർഗമാണ്. എന്നാൽ അയാൾ ഒരു ദൃഢപതിജ്ഞ എടുത്തിരുന്നു - പായിപ്രയിൽ മോഷ്ടിക്കില്ലെന്ന്! പുല്ലുവഴിക്കാരും ഏതാണ്ട് ഇതേ മട്ടുകാരാണ്. സമരവും പണിമുടക്കും ബന്ദുമൊക്കെ കൊള്ളാം. എന്നാൽ അതെല്ലാം നാടിന്റെ പടിക്കു പുറത്തു മതി! സമരവീര്യം വല്ലാതുള്ള കക്ഷികളും തിരഞ്ഞെടുപ്പിൽ പുല്ലുവഴിയിൽ ജയിച്ചു കയാറാറുള്ളതിന്റെ രഹസ്യം ഇതാണ്.

കമ്മ്യൂണിസം കാര്യമായി ഇന്ന് പച്ചപിടിക്കുന്നില്ലെങ്കിലും നവേകരളത്തിന് ഒരു പ്രതിഷേധ സംസ്കാരം നട്ടുവളർത്താൻ ശ്രമിക്കുന്ന പുല്ലുവഴിക്കാർക്ക് അഭിവാദനങ്ങൾ! എം.പി. നാരായണപിള്ള ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ഉപദേശിച്ചേനേ- - 'പണിമുടക്കസുരന്മാരെങ്കിലും പുല്ലുവഴിയെ കണ്ടുപഠിക്കണം!"