' പ്രായപൂർത്തിയാകും മുൻപ് ഭർത്താവ് ബലാത്സംഗം ചെയ്തു,​ മകളെയും പീഡിപ്പിച്ചു,​ മതംമാറാൻ നിർബന്ധിച്ചു'

Monday 14 July 2025 10:24 PM IST

ലക്നൗ : ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ പരാതി. ലക്നൗ സ്വദേശിയായ പരുൾ കശ്യപ് ആണ് ഭർത്താവ് മുഹമ്മദ് നാസിലിന് എതിരെ പൊലീസിൽ പരാതി നൽകിയത്. പ്രായപൂർത്തിയാകും മുൻപ് തന്നെ ബലാത്സംഗം ചെയ്ത ഇയാൾ നഗ്ന വീഡിയോ പകർത്തി ബ്ലാക്ക് മെയിൽ ചെയ്താണ് തന്നെ വിവാഹം കഴിച്ചതെന്നും യുവതി പരാതിയിൽ പറയുന്നു. 2020 ആഗസ്റ്റ് 18ന് തന്നെ വിവാഹം കഴിക്കുംമുമ്പ് ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചുവെന്നും പരുൾ കശ്യപ് ആരോപിച്ചു.

വിവാഹ ശേഷവും തനിക്ക് നേരെ ഇയാൾ പീഡനം തുടർന്നു. തന്റെ മുന്നിൽ വച്ച് ലൈംഗികത്തൊഴിലാളികളെ വീട്ടിൽ കൊണ്ടുവന്നു. ഭർത്താവിന്റെ സഹോദരങ്ങളായ ആദിലും ഖാദറും ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നും യുവതി ചൂണ്ടിക്കാണിച്ചു.

2022 ജനുവരിയിൽ പരുൾ മകൾക്ക് ജന്മം നൽകി മകൾക്കും നേരെയും ലൈംഗികാതിക്രമം നടത്തിയതായും ആരോപണമുണ്ട്. തന്റെ താത്പര്യത്തിന് വിരുദ്ധമായി നിസ്കരിക്കാനും ബീഫ് കഴിക്കാനും നാസിലും കുടുംബവും നിർബന്ധിച്ചതായും യുവതി ആരോപിച്ചു. പരാതിക്കൊപ്പം മെഡിക്കൽ റിപ്പോർട്ടുകളും ഫോട്ടോകളും യുവതി തെളിവായി സമർപ്പിച്ചിട്ടുണ്ട്. ഭാര്യയുടെ പരാതിപ്രകാരം പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചതിനും നിർബന്ധിത മതപരിവർത്തനത്തിനും ബലാത്സംഗത്തിനും ഹസൻഗഞ്ച് പൊലീസ് നാസിലിനെതിരെ കേസെടുത്തു.