പാലിയേക്കര ടോൾ പ്ലാസ; അലയൊടുങ്ങാത്ത സമരഭൂമിക
പുതുക്കാട്: സംസ്ഥാനത്തെ ആദ്യ ബി.ഒ.ടി പാതയായി മണ്ണുത്തി - എടപ്പള്ളി റോഡ് 2012ൽ നിർമ്മിക്കുംമുൻപേ ആരംഭിച്ച സമരകോലാഹലങ്ങൾ 23 വർഷങ്ങൾ പിന്നിടുമ്പോഴും പാലിയേക്കര ടോൾ പ്ലാസയിൽ തുടരുന്നു. 2012 ഫെബ്രുവരി ഒമ്പതിനാണ് പാലിയേക്കരയിൽ ടോൾപിരിവ് തുടങ്ങിയത്. അതിനുമുൻപേ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഉപവാസ സമരം ആരംഭിച്ചിരുന്നു.
ആഡ്രാപ്രദേശിലെ കെ.എം.സി കമ്പനിയാണ് ടോൾ പാത നിർമ്മിച്ചത്. ടോൾ പിരിവ് ആരംഭിച്ച് മാസങ്ങൾക്കകം ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ടോൾ പിരിവ് ഏറ്റെടത്തു. എസ്.എൻ.ഡിപിയുടെ നേതൃത്വത്തിലായിരുന്നു ആദ്യ സമരം. സംയുക്ത സമതിയുടെ നേതൃത്വത്തിൽ ടോൾ പിരിവിനെതിരെ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് സി.ജെ. ജനാർദ്ദനൻ ഉൾപ്പെടെയുള്ളവർ നിരാഹാരം അനുഷ്ഠിച്ചു. നിരാഹാരം ദിവസങ്ങൾ പിന്നിട്ടപ്പോൾ അന്നത്തെ മുഖ്യമന്ത്രി സമരക്കാരെ ചർച്ചക്ക് വിളിച്ചു.
ടോൾ പാതയുടെ ഡ്രെയിനേജ് നിർമ്മാണം ഉൾപ്പെടെയുള്ള പ്രവൃത്തികൾ ആറു മാസത്തിനകം പൂർത്തീകരിക്കണമെന്നും അല്ലെങ്കിൽ ടോൾ പിരിക്കാൻ നൽകിയ അനുമതി പിൻവലിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. ആ യോഗത്തിലാണ് പ്രദേശവാസികൾക്ക് സൗജന്യ പാസ് പ്രഖ്യാപിച്ചതും. പിന്നീട് കക്ഷിരാഷ്ട്രീയത്തിന് അതീതമായി സമരപരമ്പരകളായിരുന്നു. സമരക്കാർക്കെതിരെ ചുമത്തിയ കേസുകളിൽ പലതും ഇപ്പോഴും തുടരുന്നുണ്ട്.
ദേശീയപാതയിൽ അടിപ്പാതകളുടെ നിർമ്മാണം ആരംഭിച്ചതോടെ രൂപപ്പെട്ട ഗതാഗതക്കുരുക്കാണ് ടോൾ പ്ലാസ വീണ്ടും സമരവേദിയാകാൻ കാരണം. കളക്ടറുടെ അധികാരം വിനിയോഗിച്ച് അർജുൻ പാണ്ഡ്യൻ രണ്ടുതവണ ടോൾ പിരിവ് നിറുത്താൻ ഉത്തരവിട്ട് മണിക്കുറുകൾക്കകം പിൻവലികേണ്ടി വന്നു. കോൺഗ്രസ് നേതാക്കളായ അഡ്വ. ജോസഫ് ടാജറ്റ്, അഡ്വ. ഷാജി കോടങ്കണ്ടത്ത് എന്നിവർ ഹൈക്കോടതിയിൽ ഒട്ടേറെ ഹർജികൾ നൽകി. മഴ കാരണമാണ് നിർമ്മാണം വൈകുന്നതെന്നാണ് ദേശീയപാത അതോറിറ്റിയുടെ മറുപടി.
സമരമുഖത്ത് ബി.ജെ.പിയില്ല
കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ടോൾ പ്ലാസ പൊളിച്ചുകളയുമെന്ന് പ്രഖ്യാപിച്ച് മുൻപ് സമരത്തിന് നേതൃത്വം നൽകിയ ബി.ജെ.പി ഇപ്പോൾ സമരരംഗത്ത് സജീവമല്ല. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ആദ്യം യൂത്ത് കോൺഗ്രസ്, പിന്നെ സി.പി.എം, ഇന്നലെ ഡി.വൈ.എഫ്.ഐ തുടങ്ങിയ സംഘടനകൾ സമരവുമായി രംഗത്തെത്തിയിരുന്നു.
ഡി.വൈ.എഫ്.ഐ മാർച്ച്: അക്രമാസക്തം, ജലപീരങ്കി പ്രയോഗിച്ചു
പുതുക്കാട്: പാലിയേക്കര ടോൾ പ്ലാസയിലേക്ക് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച് അക്രമാസക്തം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പാലിയേക്കര മേൽപ്പാലത്തിനു സമീപം നിന്നാരംഭിച്ച മാർച്ച് ടോൾ പ്ലസയ്ക്ക് സമീപം പൊലീസ് തടഞ്ഞു. ബാരിക്കേഡുകൾ തള്ളിമാറ്റിയ പ്രവർത്തകർ ടോൾബൂത്തുകൾ തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു. ടോൾപ്ലാസ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർ ചെടിച്ചട്ടികൾ വലിച്ചെറിഞ്ഞു. തുടർന്നാണ് ജലപീരങ്കി പ്രയോഗിച്ചത്. പിന്നീട് നടന്ന ഉപരോധസമരം ജില്ലാ സെക്രട്ടറി വി.പി. ശരത്ത് പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ.എൽ. ശ്രീലാൽ, ട്രഷറർ എൻ. സെന്തിൽ കുമാർ, കെ.എസ്. റോസൽ രാജ്, സുകന്യ ബൈജു, മിഥുൻ കൃഷ്ണ എന്നിവർ പ്രസംഗിച്ചു. ചാലക്കുടി ഡിവൈ.എസ്.പിയും പുതുക്കാട്, കൊടകര, വരന്തരപ്പിള്ളി, വെള്ളിക്കുളങ്ങര ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ക്രമസമാധാനപാലനത്തിന് നേതൃത്വം നൽകി. പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കുക, ഗതാഗതക്കുരുക്കും, യാത്രാദുരിതവും അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുക, കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും ബെന്നി ബെഹനാൻ എം.പിയുടെയും അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ഉപരോധവും.