മുതിർന്നവർ ഒറ്റയ്ക്കാവില്ല, സല്ലപിക്കാം,യുവാക്കളുമായി
ആലപ്പുഴ: ഒറ്റപ്പെട്ടിരിക്കുന്ന മുതിർന്ന പൗരന്മാർക്ക് ആശ്വാസമേകാനും സംസാരിക്കാനും 'സല്ലാപ 'വുമായി സാമൂഹ്യനീതി വകുപ്പ്. കൂട്ടിന് ആളുണ്ടെന്ന ബോദ്ധ്യം ഉറപ്പാക്കാനുമുള്ള പദ്ധതി വഴി ടെലഫോൺ മേറ്റ് / ടെലഫോൺ ഫ്രണ്ടിനെ നൽകുകയും അതിലൂടെ വാർദ്ധക്യം കൂടുതൽ സന്തോഷകരമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
പുതുതലമുറയെ ഉൾപ്പെടുത്തി വയോജനസൗഹൃദ സംസ്ഥാനം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ, കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച പദ്ധതി ജൂലായിൽ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.
സാമൂഹ്യനീതി വകുപ്പിന്റെ എൽഡർ ലൈൻ നമ്പറിൽ വിളിച്ചാൽ വിദ്യാർത്ഥികളുമായി കണക്ട് ചെയ്യും. ഗുരുതരപ്രശ്നങ്ങൾ അനുഭവിക്കുന്നവരാണെങ്കിൽ വിദ്യാർത്ഥികൾ വകുപ്പിനെ അറിയിക്കുന്നതനുസരിച്ച് തുടർനടപടി സ്വീകരിക്കും. എൽഡർലൈൻ വഴി പരിഹരിക്കുന്ന പ്രശ്നങ്ങളുടെ സ്ഥിതി എന്താണെന്ന് വിദ്യാർത്ഥികൾ അന്വേഷിച്ച് റിപ്പോർട്ടും നൽകും.
ലൈനിൽ കോളേജ് വിദ്യാർത്ഥികൾ
1.ഒരു ജില്ലയിലെ രണ്ടുകോളേജുകളിൽ നിന്ന് സോഷ്യൽ വർക്കോ സമാന കോഴ്സുകളോ പഠിക്കുന്ന അഞ്ചുമുതൽ പത്തുവരെ വിദ്യാർത്ഥികളെയാണ് പദ്ധതിയുടെ ഭാഗമാക്കുക
2.ഇവർക്ക് സിം കാർഡും റീചാർജ് ചെയ്യുന്നതിനുള്ള തുകയും വകുപ്പിൽ നിന്ന് നൽകും. മാതാപിതാക്കൾക്ക് പ്രവാസികളായ മക്കളെ വീഡിയോ കോൾ വഴി കാണാനും സംസാരിക്കാനുമുള്ള സൗകര്യവും ഒരുക്കും
3. മുതിർന്ന പൗരന്മാർക്ക് യുവാക്കൾ ഡിജിറ്റൽ സാക്ഷരതയും നൽകും. കോളേജ് അധികൃതരാണ് സ്വഭാവസവിശേഷതയുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് നൽകുന്നത്. തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് പരിശീലനം നൽകും.
വിളിക്കേണ്ടത് : സാമൂഹ്യനീതി വകുപ്പിന്റെ എൽഡർ ലൈനിന്റെ 14567 എന്ന നമ്പറിൽ
വയോജന സൗഹൃദ സംസ്ഥാനമെന്ന ലക്ഷ്യം മുൻനിറുത്തി യുവതലമുറയെ കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. സംസാരിക്കാൻ ഒരാളുണ്ടാകുന്നത് ഏകാന്തത അനുഭവിക്കുന്നവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും
-അരുൺ എസ്. നായർ, ഡയറക്ടർ സാമൂഹ്യനീതി വകുപ്പ്