ഇന്ധന നിയന്ത്രണ സ്വിച്ച്, വിമാനക്കമ്പനികൾ പരിശോധിക്കണം
ന്യൂഡൽഹി: രാജ്യത്തെ എല്ലാ വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കാൻ വിമാന കമ്പനികൾക്ക് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദ്ദേശം നൽകി. അഹമ്മദാബാദിൽ വിമാനം തകർന്നു വീണത് എൻജിനുകളിലേക്കുള്ള ഇന്ധനത്തിന്റെ ഒഴുക്ക് വിച്ഛേദിക്കപ്പെട്ടതോടെയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഇന്ധന നിയന്ത്രണ സ്വിച്ചുകൾ 'റൺ' പൊസിഷനിൽ നിന്ന് 'കട്ട്ഓഫ്' പൊസിഷനിലേക്ക് മാറിയിരുന്നുവെന്നാണ് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറൊ വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ച പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ബോയിംഗ് വിമാനങ്ങളുടെ അടക്കം ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്കിംഗ് ഫീച്ചറിന്റെ അപാകത സംബന്ധിച്ച് 2018ൽ യു.എസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇക്കാര്യം ഡി.ജി.സി.എ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജൂലായ് 21ന് മുൻപ് പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം.
സാങ്കേതിക തകരാറിന്
തെളിവില്ലെന്ന് എയർ ഇന്ത്യ
അപകടത്തിൽപ്പെട്ട എയർ ഇന്ത്യ 171 ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിന് മെക്കാനിക്കൽ, മെയിന്റനൻസ് തകരാറുണ്ടായിരുന്നുവെന്നതിന് തെളിവില്ലെന്ന് എയർ ഇന്ത്യ സി.ഇ.ഒ കാംപ്ബെൽ വിൽസൺ പ്രതികരിച്ചു. എ.എ.ഐ.ബിയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ അക്കാര്യം വ്യക്തമാണ്. ടേക്ക് ഓഫിന് മുൻപ് എല്ലാ മെയിന്റനൻസ് ജോലികളും പൂർത്തിയാക്കിയിരുന്നു. ഇന്ധനത്തിലും കുഴപ്പം കണ്ടെത്തിയിട്ടില്ല. പൈലറ്റുമാരുടെ മാനസികാവസ്ഥയെക്കുറിച്ച് നിരീക്ഷണങ്ങളൊന്നും റിപ്പോർട്ടിലില്ലെന്നും
ജീവനക്കാർക്കയച്ച കത്തിൽ സി.ഇ.ഒ വ്യക്തമാക്കി.