അശോക് ഗജപതി രാജു ഗോവയിൽ ശ്രീധരൻപിള്ളയുടെ പിൻഗാമി

Tuesday 15 July 2025 12:04 AM IST

ന്യൂഡൽഹി: കാലാവധി പൂർത്തിയാക്കിയ പി.എസ്.ശ്രീധരൻ പിള്ളയുടെ പിൻഗാമിയായി ഗോവയിൽ ആന്ധ്രാ സ്വദേശിയും ടി.ഡി.പി നേതാവുമായ പുസപതി അശോക് ഗജപതി രാജു ഗവർണർ. ഹരിയാന ഗവർണറായി പ്രൊഫ. ആഷിം കുമാർ ഘോഷിനെയും ലഡാക് ലെഫ്റ്റനന്റ് ഗവർണറായി കവിന്ദർ ഗുപ്തയെയും നിയമിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു ഉത്തരവിറക്കി.

ശ്രീധരൻ പിള്ള ഗോവയിൽ നാലു വർഷം പൂർത്തിയാക്കിയ ദിവസമാണ് പിൻഗാമിയെ പ്രഖ്യാപിച്ചത്. 2021 ജൂലായിലാണ് ചുമതലയേറ്റത്. ബി.​ജെ.​പി​ ​കേ​ര​ള​ ​ഘ​ട​കം​ ​അ​ദ്ധ്യ​ക്ഷ​നാ​യി​രി​ക്കെ 2019​ ​ഒ​ക്ടോ​ബ​റി​ൽ​ ​മി​സോ​റം​ ​ഗ​വ​ർ​ണ​റാ​യി​. അവിടെ രണ്ടു കൊല്ലം പ്രവർത്തിച്ചശേഷമാണ് ഗോവയിലെത്തിയത്.

പുതിയ ഗോവ ഗവർണർ അശോക് ഗജപതി രാജു ഒന്നാം മോദി സർക്കാരിൽ സിവിൽ വ്യോമയാന മന്ത്രിയായിരുന്നു. ആന്ധ്രയിലെ വിഴിയനഗരം പുസപതി രാജകുടുംബാംഗമാണ്. എൻ.ഡി.എ സഖ്യകക്ഷിയായ ടി.ഡി.പിക്കുള്ള അംഗീകാരമായാണ് നിയമനം.

പശ്‌ചിമ ബംഗാൾ ബി.ജെ.പി മുൻ അദ്ധ്യക്ഷനാണ് ഹരിയാന ഗവർണർ പ്രൊഫ. ആഷിം കുമാർ ഘോഷ്. സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ചു. കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലെ മൂന്നാമത്തെ ലെഫ്. ഗവർണർ ആയി നിയമിതനായ കവിന്ദർ ഗുപ്‌ത ജമ്മു കശ്മീരിൽ നിന്നുള്ള ആർ.എസ്.എസ് പശ്‌ചാത്തലമുള്ള മുതിർന്ന ബി.ജെ.പി നേതാവാണ്. 2014ൽ ജമ്മുകാശ്‌മീരിലെ ബി.ജെ.പി-പി.ഡി.പി സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്നു. മൂന്നു തവണ ജമ്മു മേയർ ആയും പ്രവർത്തിച്ചു. നിലവിലെ ലെഫ്. ഗവർണർ ബി.ഡി. മിശ്രയുടെ രാജി രാഷ്‌ട്രപതി സ്വീകരിച്ചു.

സംതൃപ്‌തൻ:

ശ്രീധരൻ പിള്ള

ഗവർണർ പദവിയിൽ സമ്പൂർണ തൃപ്‌തനാണെന്ന് ശ്രീധരൻ പിള്ള കേരളകൗമുദിയോട് പറഞ്ഞു. ദേശീയ താത്‌പര്യം മുൻനിർത്തിയാണ് എന്നും താൻ പ്രവർത്തിച്ചിട്ടുള്ളത്. ഒരു ഘട്ടത്തിലും പാർട്ടിയിലെയോ, മറ്റെതെങ്കിലുമോ ഔദ്യോഗിക പദവികൾ ആവശ്യപ്പെട്ടിട്ടില്ല. പാർട്ടി തന്നത് എന്നും സ്വീകരിച്ചിട്ടേയുള്ളൂ. അതിലും തൃപ്‌‌തിയുണ്ട്.