വിവാഹമോചന കേസ് , രഹസ്യമായി റെക്കാഡുചെയ്ത സംഭാഷണം തെളിവ്
ന്യൂഡൽഹി: പങ്കാളിയുമായുള്ള ഫോൺ സംഭാഷണം രഹസ്യമായി റെക്കാഡ് ചെയ്‌തതാണെങ്കിലും വിവാഹമോചന കേസിൽ തെളിവാണെന്ന് സുപ്രീംകോടതി. പഞ്ചാബ് - ഹരിയാന ഹൈക്കോടതിയുടെ വിധി റദ്ദാക്കിയാണ് ഉത്തരവ്.
ഭാര്യയുടെ ഫോൺ സംഭാഷണം അനുമതിയില്ലാതെ റെക്കാഡ് ചെയ്യുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. കുടുംബകോടതിയിലെ കേസിൽ തെളിവായി സ്വീകരിക്കരുതെന്നും ഉത്തരവിട്ടിരുന്നു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ്‌ചന്ദ്ര ശർമ്മ എന്നിവരാണ് ഈ വിധി റദ്ദാക്കിയത്. ഭാര്യയുമായുള്ള ഫോൺ സംഭാഷണം യുവാവ് സി.ഡിയിൽ പകർത്തി കുടുംബകോടതിയിൽ ഹാജരാക്കുകയായിരുന്നു. ക്രൂരതയ്‌ക്കുള്ള തെളിവായിട്ടാണ് കൈമാറിയത്. ഇതിനെതിരെ ഭാര്യ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചപ്പോഴാണ് സുപ്രീംകോടതിയെ സമീപിച്ചത്.
സ്വകാര്യതയുടെ
ലംഘനമില്ല: സുപ്രീംകോടതി
രഹസ്യ റെക്കാഡിംഗ് പോലുള്ളവ അനുവദിച്ചാൽ വീടുകളിലെ സൗഹൃദാന്തരീക്ഷം തകരുമെന്നും, ദമ്പതികൾക്കിടയിൽ ഒളിഞ്ഞുനോട്ടം വർദ്ധിക്കുമെന്നും ഭാര്യ വാദിച്ചു
സംശയത്തോടെ അത്തരം കാര്യങ്ങൾ ചെയ്യുന്നത് തന്നെ ബന്ധം തകർന്നതിന്റെയും പരസ്‌പര വിശ്വാസം നഷ്‌ടപ്പെട്ടതിന്റെയും അടയാളമാണെന്ന് സുപ്രീംകോടതി പറഞ്ഞു
ഇന്ത്യൻ തെളിവു നിയമത്തിൽ വൈവാഹിക ബന്ധത്തിലെ ആശയവിനിമയങ്ങൾ തെളിവായി സ്വീകരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്
സ്വകാര്യതയെ കുറിച്ച് തെളിവു നിയമത്തിൽ പരാമർശിച്ചിട്ടില്ല. നീതിയുക്തമായ വിചാരണയും തെളിവു നൽകലും അംഗീകരിച്ചിട്ടുമുണ്ട്