കേരള നീക്കത്തെ എതിർത്ത് കേന്ദ്രം, ഗവർണർക്കെതിരായ ഹർജികൾ പിൻവലിക്കാൻ അനുവദിക്കരുത്

Tuesday 15 July 2025 1:30 AM IST

 എങ്ങനെ പറയാനാവുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : ബില്ലുകളിൽ തീരുമാനമെടുക്കാത്ത മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ കേരളം സമർപ്പിച്ച ഹർജികൾ പിൻവലിക്കാൻ അനുവദിക്കരുതെന്ന് കേന്ദ്രം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. കക്ഷി കേസ് പിൻവലിക്കുകയാണെങ്കിൽ തടയാൻ കോടതിക്ക് കഴിയുമോയെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അതുൽ എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെ‌ഞ്ച് ചോദിച്ചു.

തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ. രവിക്കെതിരെയുള്ള കേസിലെ വിധി കേരളത്തിനും ബാധകമാണെന്ന് വാദിച്ചാണ് രണ്ട് ഹർജികളും പിൻവലിക്കാനുള്ള നീക്കം. എന്നാൽ ആ വിധി കേരളത്തിന് ബാധകമല്ലെന്ന് കേന്ദ്രം വാദിക്കുന്നു. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന് ഇന്നലെയും മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടു. യുക്തിയില്ലാത്ത നിലപാടാണ് കേന്ദ്രത്തിന്റേത്. സംസ്ഥാനത്തിന് കൂടുതൽ വക്കീൽ ഫീസ് ചെലവാകുന്നു.

ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്കും രാഷ്ട്രപതിക്കും തമിഴ്നാട് കേസിൽ സമയപരിധി നിശ്ചയിച്ചതിൽ രാഷ്‌ട്രപതി സുപ്രീംകോടതിയോട് അഭിപ്രായം തേടിയിരുന്നു. ആ കേസ് ഉടൻ ലിസ്റ്റ് ചെയ്‌തേക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേൾക്കും. അതിനൊപ്പം കേരളത്തിന്റെ ഹർജികളും പരിഗണിക്കണമെന്ന് അഭ്യർത്ഥിച്ചു. കേസ് ഒരാഴ്ചത്തേക്ക് കോടതി മാറ്റി.