ബാങ്ക് ലോൺ വാഗ്ദാനം ചെയ്ത് പണം തട്ടി: പ്രതി പിടിയിൽ
കിഴക്കമ്പലം: ബാങ്ക് ലോൺ വാഗ്ദാനം ചെയ്ത് കിഴക്കമ്പലം സ്വദേശിയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ബീഹാർ നളന്ദ സ്വദേശി വിശാൽകുമാറിനെ (21) തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. നവമാദ്ധ്യമ പരസ്യം വഴിയാണ് തട്ടിപ്പ് നടത്തിയത്. ദേശസാൽകൃത ബാങ്കിൽ നിന്ന് 50 ലക്ഷം രൂപ ലോണെടുത്ത് നൽകുമെന്നായിരുന്നു വാഗ്ദാനം. വിവിധ ഫീസിനത്തിൽ ബാങ്കിലേക്ക് പണം അടയ്‌ക്കണമെന്ന് പറഞ്ഞാണ് തുക കൈക്കലാക്കിയത്. പണമടച്ച ശേഷം പിന്നീട് ഇയാളെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി. നളന്ദയിലെ ഒറ്റപ്പെട്ട ഗ്രാമത്തിൽ പ്രതി ഉണ്ടെന്നറിഞ്ഞ് അവിടെ ദിവസങ്ങളോളം വേഷം മാറി താമസിച്ചാണ് പിടികൂടിയത്. നിരവധി പേർക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യ, ഇൻസ്‌പെക്ടർ പി.ജെ. കുര്യാക്കോസ്, എസ്.ഐ എൻ.കെ. ജേക്കബ് സീനിയർ സി.പി.ഒമാരായ കെ.കെ. ഷിബു, മിഥുൻ മോഹൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.