നിഷ്കളങ്കമായി ചിരിക്കുന്ന ആ നടനെപ്പോലൊരാളെയായിരുന്നു എനിക്ക് വേണ്ടിയിരുന്നത്, ആ രഹസ്യം വെളിപ്പെടുത്തി ഗീതു മോഹൻദാസ്

Wednesday 18 September 2019 11:25 AM IST

ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സംവിധായികയും നടിയുമായ ഗീതു മോഹൻദാസ് നിവിനെപ്പറ്റി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട് താൻ സംവിധാനം ചെയ്ത മൂത്തോനിൽ നിവിൻ നായക വേഷത്തിൽ എത്തി എന്ന കാര്യത്തെക്കുറിച്ചാണ് ഗീതു ചലച്ചിത്രമേളയിൽ മനസുതുറന്നത്.

'മൂത്തോനിലെ കഥാപാത്രമാകാൻ ആരും പ്രതീക്ഷിക്കാത്ത ഒരാൾ വേണമെന്നുണ്ടായിരുന്നു. നിഷ്കളങ്കമായ ചിരിയോട് കൂടിയ ഒരാളെയായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. അതാണ് നിവിനെ തിരഞ്ഞെടുക്കാൻ കാരണം. നിവിൻ ആ കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിക്കാൻ പറ്റുമെന്നുറപ്പുണ്ടായിരുന്നു'- ​ഗീതു മോഹൻദാസ് പറഞ്ഞു.

യുവ നടന്മാരിൽ സൂപ്പർസ്റ്റാറായ നിവിൻ ചിത്രത്തിൽ അഭിനയിച്ചത് ഫണ്ടിങ്ങിന് സഹായിച്ചുവെന്നും ഗീതു മോഹൻ ദാസ് കൂട്ടിച്ചേർത്തു. അതേസമയം സംവിധായകരെ സ്ത്രീ പുരുഷൻ എന്നിങ്ങനെ വേർതിരിക്കുന്നതിനോട് തനിച്ച് യോജിപ്പില്ലെന്നും ഗീതു മോഹൻദാസ് വ്യക്തമാക്കി.