രക്തസാക്ഷി സ്‌മാരകത്തിൽ വിലക്ക്: മതിൽ ചാടി പ്രാർത്ഥിച്ച് ഒമർ, ശ്രീനഗറിൽ നാടകീയ രംഗങ്ങൾ

Tuesday 15 July 2025 12:54 AM IST

ശ്രീനഗർ: ലെഫ്റ്റനന്റ് ഗവർണറുടെ വിലക്ക് ലംഘിച്ച് ജമ്മുകാശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള മന്ത്രിമാർക്കൊപ്പം ശ്രീനഗറിലെ നൗഗട്ടയിൽ രക്തസാക്ഷി സ്‌മാരകത്തിന്റെ മതിൽ ചാടിക്കടന്ന് പ്രാർത്ഥിച്ചു. 1931 ജൂലായ് 13ലെ വെടിവെയ്പിൽ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ ശവകുടീരമുള്ളിടത്ത് സ്ഥലത്ത് ലെഫ്. ഗവർണർ മനോജ് സിൻഹ പ്രവേശനം വിലക്കിയപ്പോഴാണ് പൂട്ടിയ ഗേറ്റ് ചാടിക്കടന്ന് ഒമർ ആദരം അർപ്പിച്ചത്.

തന്നെയും മന്ത്രിമാരെയും തടയാൻ ശ്രമിച്ചെന്നും അതു മറികടന്നാണ് ആദരാഞ്ജലികൾ അർപ്പിച്ചതെന്നും ഗേറ്റ് ചാടിക്കടന്ന് രക്തസാക്ഷി സ്‌മാരകത്തിലെത്തിന്റെ വീഡിയോ എക്‌സിൽ പങ്കുവച്ച ഒമർ പറഞ്ഞു. ഉള്ളിൽക്കടന്ന തന്നെ കേന്ദ്ര സേന മർദ്ദിച്ചെന്നും അദ്ദേഹം ആരോപിച്ചു. നൗഗട്ട ചൗക്കിൽ നിന്ന് നടന്നാണ് അദ്ദേഹം സ്‌മാരകത്തിലെത്തിയത്.

"നഖ്‌ബന്ദ് സാഹിബ് ദർഗയിലേക്കുള്ള ഗേറ്റ് അവർ അടച്ചതിനാൽ മതിൽ കയറാൻ നിർബന്ധിതനായി. അവർ പിടികൂടാൻ ശ്രമിച്ചു, പക്ഷേ എന്നെ തടയാനായില്ല"- ഒമർ പറഞ്ഞു. നിയമവിരുദ്ധമായ ഒന്നും താൻ ചെയ്തിട്ടില്ല. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രാർത്ഥന തടഞ്ഞതെന്ന് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1931 ജൂലായ് 13ന് അന്നത്തെ കാശ്മീർ രാജാവായിരുന്ന ഹരിസിംഗിനെതിരെ നടന്ന പ്രതിഷേധത്തിൽ കൊല്ലപ്പെട്ടവരുടെ പേരിലുള്ളതാണ് നൗഗട്ടയിലെ രക്തസാക്ഷി സ്‌മാരകം. അന്ന് നടന്നത് വർഗീയകലാപമാണെന്നും ബ്രിട്ടീഷുകാരുടെ ക്രൂരതയായ ജാലിയൻ വാലാബാഗുമായി താരതമ്യം ചെയ്യാനാകില്ലെന്നുമാണ് ബി.ജെ.പി നിലപാട്.

ജൂലായ് 13നുള്ള കാശ്മീർ രക്തസാക്ഷി ദിനത്തിലെ അവധി സംസ്ഥാനം രാഷ്‌ട്രപതി ഭരണത്തിലിരിക്കെ 2020ൽ കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിലെത്തിയ ഒമർ അബ്‌ദുള്ള ജൂലായ് 13ന് രക്തസാക്ഷി ദിനം ആചരിക്കാൻ തീരുമാനിച്ചു. സ്‌മാരകത്തിൽ പുഷ്പാർച്ചന നടത്തുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് ലെഫ്. ഗവർണർ നിരോധനനാജ്ഞ പ്രഖ്യാപിച്ചു. ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിന്റെ നേതാക്കളെ വീട്ടു തടങ്കലിലുമാക്കി. ഇതിന്റെ തുടർച്ചയായാണ് ഇന്നലത്തെ സംഭവങ്ങൾ.